ജീവിതത്തിന്റെ വർണ്ണങ്ങൾ എഴുത്തിലൂടെയും വായനയിലൂടെയും തീർത്തുകൊണ്ട് മുന്നേറുന്ന സതി കൊടക്കാട് സംസ്ഥാന വനിതാ കമ്മീഷന്റെ സ്ത്രീശക്തി പുരസ്‌കാരം നേടിയിരിക്കുന്നു.
കാസർഗോഡ് ജില്ലയിലെ കൊടക്കാട് എന്ന ഗ്രാമത്തിൽ ആദ്യകാല വിഷചികിത്സകനും, നാടൻ കലാ ഗവേഷകനും കൂടാതെ ഒരു റിട്ടേയേർഡ് അധ്യാപകനും കൂടിയായിരുന്ന പരേതനായ സിവിക് കൊടക്കാടിന്റെയും,
എം.വി. പാട്ടിയുടെയും
നാല് മക്കളിൽ ഇളയ
ആളായി ജനനം.
ജന്മനാ മസ്കുലർ ഡിസ്ട്രോഫി ബാധിച്ചതിനാൽ
ശരീരം 90% വും തളർന്നുപോയിരുന്നു,
അതുകൊണ്ടു തന്നെ
നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ നേടാൻ കഴിഞ്ഞുള്ളു,
അന്നുതൊട്ടിങ്ങോട്ട് പുസ്തകങ്ങളുടെ ലോകത്തായിരുന്നു സതി കൊടക്കാടിന്റെ ജീവിതവും,
മുന്നൂറ്റി അറുപത് ബാലസാഹിത്യങ്ങളടക്കം
രണ്ടായിരത്തി എഴുന്നൂറ്റി നാല്പതോളം പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പുകളും
എഴുതി സൂക്ഷിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിലും, ആകാശവാണിക്കു വേണ്ടിയും കഥകളും, കവിതകളും എഴുതിയിട്ടുണ്ട്,
2011 ൽ ‘ഗുളികവരച്ച ചിത്രങ്ങൾ’ എന്ന കവിതാ സമാഹാരം കോഴിക്കോട് ഹംദ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു,
2020 ൽ ‘കാൽവരയിലെ മാലാഖ’ എന്ന കവിതാ സമാഹാരം പായൽ ബുക്‌സും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2017 ൽ കരിവെള്ളൂർ മുച്ചിലോട്ട് ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘തിരുമംഗല്യം’ ഭക്തിഗാന ആൽബത്തിലെ ഒരു ഗാനം എഴുതുകയും അത് മലയാളത്തിന്റെ സ്വന്തം ഗായിക സിതാര കൃഷ്ണകുമാർ പാടുകയും,
അതെ ഗാനം ക്ഷേത്ര സന്നിധിയിൽ വെച്ച് മലയാളത്തിന്റെ
വാനമ്പാടി കെ.എസ് ചിത്ര ആലപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഈ വർഷം പുറത്തിറങ്ങിയ മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ‘നിർമ്മാല്യം’ എന്ന ഭക്തിഗാന ആൽബത്തിലും
ഒരു പാട്ട് എഴുതിയിട്ടുണ്ട്.
‘കുഞ്ഞോളം’ എന്ന വീഡിയോ ആൽബത്തിൽ പാട്ട് എഴുതുകയും, അഭിനയിക്കുകയും ചെയ്തിട്ടുണ്ട്,
‘വയലോരം’ എന്ന മറ്റൊരു വീഡിയോ ആൽബത്തിനു വേണ്ടിയും പാട്ട് എഴുതിയിട്ടുണ്ട്.
മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻമാരുമായി നല്ല സൗഹൃദം വെച്ചുപുലർത്തുകയും, അവരുടെ എഴുത്തുകളും, ഫോട്ടോയും ‘എന്റെ അമൂല്യ നിധികൾ’ എന്ന പേരിൽ ഒരു ആൽബമായി ഇപ്പോഴും സൂക്ഷിച്ചുപോരുന്നുമുണ്ട്.
2008 ൽ പരിഷ്കരിച്ച മൂന്നാം ക്ലാസ്സിലെ മലയാളം,കന്നട പാഠപുസ്തകത്തിൽ ‘വായിച്ച് വായിച്ച് വേദന മറന്ന് ‘ എന്ന അനുഭവകുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനോടനുബ ദ്ധിച്ച് ഭിന്നശേഷിക്കാരുടെ കാസർഗോഡ് ജില്ലാ അംബാസിഡറായി തിരിഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
2020 ൽ വിരൽ സാഹിത്യവേദി കഥാപുരസ്‌കാരം ലഭിച്ചു.
2021 ൽ ‘സതീഭാവം സഹഭാവം’ എന്ന ഡോക്യുമെന്ററി സതി കൊടക്കാടിന്റെ പേരിൽ ഇറങ്ങിയിട്ടുണ്ട്.
2020 ലെ സർഗ പ്രതിഭാ
(Outstanding creative adult personal disability) പുരസ്‌കാരം അന്നത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്നും ഏറ്റു വാങ്ങി. 2021 ലെ ഭിന്നശേഷി കമ്മീഷണറേറ്റ് അവാർഡ് ‘കാൽവരയിലെ മാലാഖ’ എന്ന കവിതാ സമാഹാരത്തിനും ലഭിച്ചു.
ഇങ്ങനെ എഴുത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ട്
തന്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയിരിക്കുകയാണ് സതി കൊടക്കാട് എന്ന എഴുത്തുകാരി,
വളർന്നു വരുന്ന തലമുറയ്ക്ക് മാതൃകയാക്കാൻ പറ്റിയ ഒരു എഴുത്തുകാരിയായി ഇനിയും ഇനിയും വളരട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു.

ഓൺലൈൻ മാധ്യമങ്ങളിലും,
മറ്റ് ആനുകാലികങ്ങളിലും സൃഷ്ടികൾ എഴുതി വരുന്നു,തലശ്ശേരിയിലെ പൊയിലൂർ ആണ് സ്വദേശം.