ചാരത്തിൽ നിന്നും ഉയർന്നു വന്ന ഫീനിക്സ് പക്ഷിയെപ്പോലെ പി.ബി.സക്കീർ ഹുസൈൻ എന്ന സക്കീർ മാഷ്. പ്രായം അറുപതിനോടടുത്തു, ശരീരത്തിന്റെ 80 ശതമാനവും മസ്‌ക്കുലർ ഡിസ്ട്രോഫി എന്ന അസുഖത്തെ തുടർന്ന് തളർന്നിട്ടുണ്ട്, എങ്കിലും ഇച്ഛാശക്തികൊണ്ടും മനോബലം കൊണ്ടും വളരെ വലിയ നേട്ടങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ഇന്നദ്ദേഹം. സി കെ വളവ് പൗരാവലി സംഘടിപ്പിക്കുന്ന 2024-25 ലെ കെ.കെ.അഹമ്മദ് കബീർ പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് നേടിയിരിക്കുന്നത്
സക്കീർ മാഷാണ്, ഏപ്രിൽ ഏഴാം തീയ്യതി സി കെ വളവിൽ വെച്ചു നടത്തിയ അഹമ്മദ് കബീർ അനുസ്മരണ പരിപാടിയിൽ പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സക്കീർ മാഷ് ഏറ്റു വാങ്ങുകയായിരുന്നു. ശരീരം തളർന്ന് നാലു ചുമരുകൾക്കുള്ളിൽ
ഒതുങ്ങിപ്പോയവർക്ക് എന്നും നല്ല ഒരു മാതൃകയാക്കാൻ കഴിയുന്ന വ്യക്തികൂടിയാണ് അദ്ദേഹം.

തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്തിലെ പുതിയകാവാണ് സക്കീർ മാഷിന്റെ ജന്മദേശം, അദ്ദേഹത്തിന്റെ പിതാവ് പിച്ചത്തറ ബാവു,മാതാവ് ബീവി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ജേർണലിസം, സൈക്കോളജിക്കൽ കൗൺസിലിങ് എന്നിവയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.പത്രപ്രവർത്തന രംഗത്തും കൂടാതെ ആറുവർഷത്തോളം പ്രവാസിയായും പ്രവർത്തിച്ചിട്ടുണ്ട്, എങ്കിലും പ്രധാന പ്രവർത്തനമേഖല വിദ്യാഭ്യാസരംഗമായിരുന്നു. സമാന്തര വിദ്യാഭ്യാസ മേഖലയിൽ ഫീനിക്സ് സ്റ്റഡി സെന്റർ, ഫീനിക്സ് അക്കാദമി, ഫീനിക്സ് വിമൻസ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തിൽ ഒരു പുതു വെളിച്ചം പകരാൻ സക്കീർ മാഷിന് കഴിഞ്ഞിട്ടുണ്ട്. സാംസ്കാരിക രംഗത്തും, സാമൂഹിക സേവനമേഖകളിലും സക്കീർ മാഷിന്റെ പ്രവർത്തനങ്ങൾ സജീവമാണ്, സാക്ഷരതായജ്ഞ കാലത്തും, ജനകീയാസൂത്രണ പ്രവർത്തനമേഖലയിലും സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു. കൈപ്പമംഗലം
എം.എൽ.എ ഇ.ടി ടൈസൺ മാഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഉന്നമനത്തെ മുൻനിർത്തി ആരംഭിച്ച ചാരുത എന്ന പദ്ധതിയുടെ ഭാഗമായും പ്രവർത്തിച്ചു പോരുന്നു.
വീൽച്ചെയർ ഉപയോഗിച്ചു വരുന്ന ഭിന്നശേഷിക്കാരായ ആളുകളുടെ അവകാശങ്ങൾക്കും, ഉയർച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന
ഓൾ കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF) എന്ന സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.
മസ്‌ക്കുലർ ഡിസ്ട്രോഫി രോഗം ബാധിച്ചവരുടെ സംഘടനയായ മൈൻഡ് ട്രസ്സ്റ്റിന്റെ (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) നിലവിലെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന തണൽ പാലിയേറ്റീവിന്റെ പ്രവർത്തകനും,കൂടാതെ നട്ടെല്ലിന് ക്ഷതം പറ്റി വീൽച്ചെയറിൽ ആയവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷന്റെ ഉയരെ എന്ന പദ്ധതിയുടെ എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിക്കുന്നുണ്ട്.
എഴുത്തും, വായനയും, അതുപോലെത്തന്നെ യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്ന സക്കീർ മാഷ് മതിലകം എന്ന പ്രദേശത്ത് പ്രവർത്തിച്ചു പോരുന്ന എഴുത്തുകാരുടെയും, വായനക്കാരുടെയും കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതിയുടെ സ്ഥാപക പ്രസിഡന്റും കൂടിയാണ്.സാഹിത്യമേഖലയിലും നിരവധി പുരസ്‌കാരങ്ങൾ സക്കീർ മാഷിനെ തേടിയെത്തിയിട്ടുണ്ട്.

തന്റെ പരിമിതികളെ മറികടന്നു കൊണ്ട് സക്കീർ മാഷും സുഹൃത്തായ ധർമ്മ രാജുവും ഒരുമിച്ച് റോഡ് മാർഗ്ഗം നടത്തിയ ഇന്ത്യാ യാത്ര വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജമ്മുകാശ്മീരിലെ വടക്കേ അറ്റത്തുള്ള കേരൻ വില്ലേജിൽ നിന്നും ആരംഭിച്ച് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ധനുഷ്കോടി വരെ നടത്തിയ റോഡ് യാത്രയുടെ പരമമായ ലക്ഷ്യം ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുക എന്നുള്ളതായിരുന്നു. വീൽച്ചെയറിലുള്ള ആളുകളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തികൊണ്ട് നടത്തിയ അതിരപ്പിള്ളി,മലക്കപ്പാറ, നെല്ലിയാമ്പതി, മലമ്പുഴ, എന്നിവിടങ്ങളിലേക്കുള്ള ഏക ദിന യാത്രകൾക്കും, ഊട്ടിയിലേക്ക് നടത്തിയ
രണ്ടു ദിവസത്തെ യാത്രക്കും നേതൃത്വം കൊടുത്തതും സക്കീർ മാഷായിരുന്നു. മൈൻഡ് ട്രസ്റ്റിന്റെ മസ്‌ക്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്ക്കുലർ അട്രോഫി എന്നീ രോഗം ബാധിച്ച് പൂർണമായും കിടപ്പുരോഗികളായവരുടെയും, അനാഥരായ കുട്ടികളുടെയും സംരക്ഷണത്തിനായി മുന്നോട്ടു വെച്ചിട്ടുള്ള ഒരിടം എന്ന സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനുള്ള ഒരുക്കത്തിലാണിപ്പോൾ സക്കീർ മാഷും മൈൻഡ് ട്രസ്റ്റും.
ഇനിയും ഒരുപാടാളുകൾക്ക് ഒരു പ്രചോദനമായിക്കൊണ്ട് സക്കീർ മാഷിന്റെ പ്രവർത്തനങ്ങൾ തുടരട്ടെ എന്ന് സന്തോഷത്തോടെയും ആദരവോടെയും ആശംസിച്ചുകൊള്ളുന്നു.

ഓൺലൈൻ മാധ്യമങ്ങളിലും,
മറ്റ് ആനുകാലികങ്ങളിലും സൃഷ്ടികൾ എഴുതി വരുന്നു,തലശ്ശേരിയിലെ പൊയിലൂർ ആണ് സ്വദേശം.