ഒരു നോമ്പുകാലത്തിന്റെ ഓർമ്മ

ഒരു നോമ്പുകാരന്റെ ഏറ്റവും ആസ്വാദ്യകരമായ സമയം ഏതെന്ന് ചോദിച്ചാൽ നോമ്പുതുറക്ക് തൊട്ടുമുൻപുള്ള കാത്തിരിപ്പിന്റെ സമയമാണെന്നായിരിക്കും ഏറെ പേരുടെയും ഉത്തരം. സമൃദ്ധമായി വിളമ്പിയ വിഭവങ്ങൾക്ക് മുമ്പിൽ വിശന്നു പൊരിഞ്ഞ് വിവശനായി കാത്തിരിക്കുന്ന വിശ്വാസി, ദൈവത്തിന്റെ അനുമതിക്കായി കാതോർത്തിരിക്കുന്ന സമയം.
അവന്റെ ഉള്ളിൽ വിശപ്പും വിശ്വാസവും തമ്മിൽ ഏറ്റുമുട്ടുകയും ഒടുവിൽ വിശ്വാസം തന്നെ വിജയിക്കുകയും ചെയ്യുന്ന സമയം!.

ഈ കാത്തിരിപ്പിന്റെ ഇടവേളയിൽ കണ്ണടച്ചിരിക്കുമ്പോൾ എന്റെ ഓർമ്മകളിലേക്ക് കടന്നുവരുന്ന ഒരാളുണ്ട്, “ഹുമാദ് അൽ മുത്തയ്യർ”. വർഷങ്ങൾക്കു മുൻപ് അവസാനിപ്പിച്ച സൗദിയിലെ പ്രവാസ ജീവിതത്തിന്റെ അപൂർവ്വമായ നല്ല ഓർമ്മകളിൽ ഒരിക്കലും മറക്കാത്ത ഒരു മരുപച്ചയായി ഹുമാദ് എന്റെ ഉള്ളിൽ പൂത്തുനിൽക്കുന്നു. ഓരോ നോമ്പുകാലവും ഓർമ്മകളിൽ ഹുമാദിന്റെ സാന്നിധ്യം സജീവമാകുന്നു. മരുഭൂമിയിലേക്ക് ചേക്കേറിയിട്ട് ഒരുമാസം പിന്നിടും മുൻപാണ് റംസാൻ മാസത്തിന്റെ വരവ്. നാട്ടിൽ വച്ചുള്ള ഗൾഫ് സ്വപ്നങ്ങളിലെ കുളിർക്കാറ്റ് മണലാരണ്യത്തിലെ തീ കാറ്റിനു വഴിമാറി കൊടുക്കുന്ന കാലം.

അടുത്തൊന്നും ആൾത്താമസമില്ലാത്ത ഒറ്റപ്പെട്ട ഒരു പ്രദേശത്തെ തകര ഷീറ്റ് കൊണ്ട് താൽക്കാലികമായി തട്ടിക്കൂട്ടിയ ‘ലേബർ ക്യാമ്പിൽ’ പുതിയ ഭാഷക്ക് വഴങ്ങാതെ നാവും കഠിനാധ്വാനത്തിന്റെ നോവുമായി കഴിച്ചുകൂട്ടിയ ആ വരണ്ട കാലത്തിലേക്കാണ് നോമ്പിന്റെ വരവ്. പണി കഴിഞ്ഞു ക്യാമ്പിലെത്തുമ്പോൾ പകലെരിഞ്ഞടങ്ങാൻ തുടങ്ങുകയായി. ബാങ്ക് വിളിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി,

അപരിചിതരായ സംസ്കാരമുള്ള ഫിലിപ്പീനികൾക്കിടയിൽ ( ഫിലിപ്പൈൻസ് സ്വദേശികൾ). പ്പെട്ടുപോയ ഞാനെന്ന മലയാളി, കയ്യിൽ ഒരു പെപ്സിയും അല്പം കാരക്കയുമായി ക്യാമ്പിന്റെ ബഹളങ്ങളിൽ നിന്നും മാറി പുറത്തെ വിശാലമായ മൈതാനത്തിലേക്ക് എത്തുമ്പോഴേക്കും ബാങ്ക് വിളി തുടങ്ങിയിരിക്കും. പെപ്സിയും കാരക്കയും തീരും മുൻപ് തന്നെ മനസ്സ് ഒരു പൊന്നീച്ച പോലെ പറന്നു നാട്ടിലെത്തിയിരിക്കും. തരിക്കഞ്ഞിക്കും, പത്തിരിക്കും, പൊരിപലഹാര ങ്ങൾക്കും ചുറ്റും വട്ടമിട്ടുപറന്ന് ഉടൻ തിരിച്ചെത്തുന്ന മനസ്സിൽ പിന്നെ സങ്കടങ്ങളുടെ വേലിയേറ്റമായി. അറിയാതെ നിറയുന്ന കണ്ണുനീർ തുടച്ച് ഓർമ്മകളോട് വിടചൊല്ലുമ്പോൾ സന്ധ്യ മയങ്ങിയിരിക്കും. പ്രാർത്ഥന കഴിഞ്ഞ് പിന്നെ പുതപ്പിനുള്ളിലേക്ക് ചേക്കേറും. ഇങ്ങിനെ വറുതിയുടെ പൊരിക്കൂട്ടുമായി മൂന്നാം നാൾ പുറത്തിരിക്കുമ്പോഴാണ് അല്പം അകലെയായി ഒരു വെളുത്ത കാപ്പറീസ് കാർ വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങിയ ഒരു മധ്യവയസ്കനായ അറബി എന്നെ അടുത്തേക്ക് വിളിച്ചു
“സദീഖ് ദാൽ”
(വരൂ സുഹൃത്തേ)
ഭാഷയറിയാതെ പകച്ചുനിൽക്കുന്ന എനിക്ക് അയാളുടെ “നീ നോമ്പുകാരനാ ണോ” എന്ന ചോദ്യം മനസ്സിലായി. ഞാൻ അതെയെന്നു തലയാട്ടി. അദ്ദേഹം കാറിന്റെ ഡിക്കു തുറന്നു മൂന്ന് വലിയ പാത്രങ്ങൾ എന്നെ ഏൽപ്പിച്ചു.

പാത്രങ്ങൾ നാളെ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയാൾ യാത്രയായി. ഞാൻ പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി. ആദ്യത്തേതിൽ നോമ്പുതുറക്കാനുള്ള പാനീയങ്ങൾ, മറ്റൊന്നിൽ ഫ്രൂട്ട്സും പലഹാരങ്ങളും, മറ്റൊന്നിൽ അറബികളുടെ ഇഷ്ടഭോജ്യമായ കബ്സ (നമ്മുടെ കോഴി ബിരിയാണിയോട് സാദൃശ്യമുള്ളത്). എനിക്ക് ഒരാൾക്ക് വേണ്ടതിനേക്കാൾ പലമടങ്ങ് കൂടുതലായിരുന്നു വിഭവങ്ങൾ. എനിക്ക് ആവശ്യമുള്ളത് എടുത്ത് ശേഷിച്ചത് എന്റെ ഫിലിപ്പൈൻ സുഹൃത്തുക്കൾക്ക് നൽകി. പിറ്റേന്ന് മുതൽ ബാങ്ക് വിളിക്കു മുൻപായി എത്തുന്ന വെളുത്ത കാറിനേയും കാത്തിരിക്കൽ ഒരു ശീലമായി

തലേന്നാൾ തന്ന പാത്രങ്ങൾ തിരിച്ചേൽപ്പിക്കുമ്പോൾ ഈ അന്നദാതാവ് നിറഞ്ഞ പാത്രങ്ങൾ എനിക്ക് കൈമാറും. ഞങ്ങൾക്കിടയിൽ “അസ്സലാമു അലൈക്കും” എന്ന അഭിവാദന വാക്കല്ലാതെ മറ്റൊരു വാക്കും പിറന്നു വീണില്ല. ഭാഷയറിയാത്ത ഞാൻ എന്റെ നന്ദി ഒരു വെളുത്ത ചിരിയിൽ ഒതുക്കി. ആ നോമ്പുകാലം മുഴുവൻ വെളുത്ത കാറും വെളുത്ത ചിരിയും ആവർത്തിച്ചു കൊണ്ടേയിരുന്നു. നോമ്പ് 27ന് ഭക്ഷണതളികകൾ എന്നെ ഏൽപ്പിച്ചിട്ട് അയാൾ പറഞ്ഞു “നാളെ മുതൽ ഞാൻ വരില്ല, ഞാൻ മക്കയിലേക്ക് പോകുകയാണ്”. (നോമ്പിന്റെ അവസാന നാളുകളിൽ പല അറബികളും തീർത്ഥാടനത്തിനായി മക്കയിലേക്ക് പോകുന്ന പതിവുണ്ട്). എന്റെ പകപ്പു കണ്ടപ്പോൾ ഈ പാത്രങ്ങൾ നീ എടുത്തു കൊള്ളുക എന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ആദ്യമായി പേര് ചോദിച്ചു, “ഹുമാദ് അൽ മുത്തയ്യർ” എന്ന് മാത്രം പറഞ്ഞു സലാം ചൊല്ലി അദ്ദേഹം വണ്ടിയോടിച്ചു പോയി. ഭക്ഷണതളികയുമായി ഞാൻ ആ വെളുത്ത കാർ മറയുന്നതുവരെ നോക്കി നിന്നു..

മരുഭൂമിയിലെ മണൽ കൂ ന്നപോലെ ഒരിടത്തുനിന്ന് മാറി മറ്റൊരിടത്തായി വർഷങ്ങളോളം സൗദിയിൽ പ്രവാസിയായി കഴിച്ചുകൂട്ടിയിട്ടും പിന്നീട് ഒരിക്കൽ പോലും ഹുമാദിനെ ഞാൻ കണ്ടെത്തുകയുണ്ടായില്ല.ആ പ്രവാസകാലത്ത് ഞാൻ കണ്ട ഒരു കാറും എന്റെ ഓർമ്മയിൽ ഇല്ല. എങ്കിലും ഒരിക്കൽ മാത്രം ഉരുവിട്ട ‘ഹുമാദ്’ എന്നപേരും ആ വെളുത്ത കാറും ഓരോ നോമ്പുതുറക്ക് മുൻപും ഇന്നും എന്റെ മുന്നിലെത്തുന്നു. എന്റെ നന്ദിയും പ്രാർത്ഥനയും അദ്ദേഹം അറിയുന്നില്ലെങ്കിലും,വിളമ്പിയ വിഭവങ്ങളുമായി വിശക്കുന്നവനെ തേടി ‘ഹുമാദ്’ ഇപ്പോഴും മരുഭൂമിയിൽ അലയുന്നുണ്ടാകും

Leave a Comment