2025ലെ ഫെസ്ക പുരസ്കാരം മൈൻഡിന്

മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിന് വീണ്ടുമൊരു അഭിമാന നേട്ടം കൂടി! വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന കൊല്ലം ജില്ലയിലെ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയെ പരിഗണിച്ചു കൊണ്ട് നൽകപ്പെടുന്ന ഫോറം ഓഫ് എംപ്ലോയീസ് ഫോർ സോഷ്യൽ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസിന്റെ (ഫെസ്‌ക) ഈ വർഷത്തെ പുരസ്കാരം മൈൻഡിന് ലഭിച്ചു. ഇത് മൂന്നാം തവണയാണ് ഫെസ്‌ക ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ/സ്ഥാപനങ്ങൾക്ക് പുരസ്കാരം നൽകി ആദരിക്കുന്നത്. എല്ലാ വർഷത്തെയും പോലെ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് ഇത്തവണയും പുരസ്കാരം നൽകപ്പെട്ടത്.

സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ), മസ്‌കുലർ ഡിസ്ട്രോഫി (എംഡി) എന്നീ അപൂർവ ജനിതക രോഗബാധിതരുടെ ക്ഷേമത്തിനായി നിരന്തരം പ്രവർത്തിക്കുന്നതിനാലാണ് മൈൻഡിന് ഈ അംഗീകാരം ലഭിച്ചത്. എസ്എംഎ, എംഡി എന്നീ അസുഖങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, ചികിത്സാസംബന്ധമായ ഗവേഷണങ്ങൾ, രോഗബാധിതരുടെ വിദ്യാഭ്യാസം, നൈപുണ്യ വികസനം, പുനരധിവാസം, തുടങ്ങിയവയെല്ലാം കേന്ദ്രീകരിച്ചാണ് മൈൻഡ് പ്രവർത്തിക്കുന്നത്.

കൊല്ലം പ്ലാമൂട് വച്ചുനടന്ന ചടങ്ങിൽ മൈൻഡ് ട്രസ്റ്റ്‌ വൈസ് ചെയർമാൻ കൃഷ്ണകുമാർ പി. എസ്, മൈൻഡ് ട്രസ്റ്റ്‌ കൊല്ലം ജില്ലാ കോർഡിനേറ്റർമാരായ പ്രശാന്ത്, ഷീജ എന്നിവർ ചേർന്ന് എം എൽ എ കോവൂർ കുഞ്ഞുമോൻ്റെ കയ്യിൽനിന്ന് പതിനായിരം രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. മൈൻഡ് അംഗമായ വീണ വേണുഗോപാൽ, കൂട്ട് വോളന്റിയർ വിങ് അംഗങ്ങളായ അൽ അമീൻ, കാർത്തിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Comment