“ഒരു കാര്യം സത്യസന്ധമായി ആഗ്രഹിച്ചാൽ, ആ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രപഞ്ചം മുഴുവൻ നിങ്ങളെ സഹായിക്കും” – പൗലോ കൊയ്‌ലോ
ഈ ചിന്തയ്ക്ക് അർത്ഥം നൽകുന്ന ഒരു പ്രവർത്തനമായി മാറുകയാണ് മൈൻഡ് ട്രസ്റ്റിന്റെ ‘ഒരിടം’ പദ്ധതി. ഏറെക്കാലം സ്വപ്നം കണ്ട ഈ പുനരധിവാസ കേന്ദ്രത്തിനായുള്ള തറക്കല്ലിടൽ മെയ് 2ന് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ നടന്നു. ഒരു ആശയത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള ഈ യാത്രയിലെ പ്രധാനഘട്ടമായിരുന്നു അത്.
ചടങ്ങിന് സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദന്റെ ഗാനത്തോടെ തുടക്കമായി. പേരാമ്പ്ര എം.എൽ.എ ആയിരുന്ന ശ്രീ. ടി. പി. രാമകൃഷ്ണൻ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച് കൊണ്ട് ഉദ്ഘാടനം നടത്തി. മൈൻഡ് ട്രസ്റ്റ് വൈസ് ചെയർമാൻ കൃഷ്ണകുമാർ പി.എസ് ‘ഒരിടം’ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബിത ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, മൈൻഡ് ട്രസ്റ്റ് ചെയർമാൻ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. മൈൻഡ് ട്രസ്റ്റ് ഉപദേശക സമിതി അംഗമായ യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജയരാജ്, ഡോ ജാവേദ്,കെ.ശങ്കരൻ നമ്പൂതിരി,നജീബ് കുറ്റിപ്പുറം,മേപ്പയ്യൂർ പഞ്ചായത്ത് അംഗം കെ. എം വിനോദൻ, ഒരിടം പ്രൊജക്റ്റ് കമ്മിറ്റി കൺവീനർ കെ.രതീഷ് മാസ്റ്റർ, സി.പി.ഐ മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അംഗം കെ. എം.രവീന്ദ്രൻ മാസ്റ്റർ, ബിജെപി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിവദാസ് ശിവപുരി, ആർ.ജെ.ഡി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് പൊന്നംകണ്ടി, സി.പി.ഐ (എം.എൽ) ജില്ലാ കമ്മിറ്റി അംഗം വി.എ.ബാലകൃഷ്ണൻ, സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് മേധാവി കെ.സത്യൻ മാസ്റ്റർ, മേപ്പയ്യൂർ പാലിയേറ്റീവ് കെയർ കമ്മിറ്റി സെക്രട്ടറി എം.എം കരുണാകരൻ മാസ്റ്റർ എന്നിവർ പദ്ധതിക്ക് ആശംസകൾ നേർന്നു. മൈൻഡ് ട്രസ്റ്റ് കൺവീനർ എമി സെബാസ്റ്റ്യൻ നന്ദി അറിയിച്ചു.

“സെന്റർ ഫോർ ലവ്, ഹോപ്പ് ആൻഡ് കെയർ” എന്ന ആപ്തവാക്യത്തോടെ രൂപകൽപ്പന ചെയ്ത ‘ഒരിടം’, എസ്.എം.എയും എം.ഡി.യും ബാധിച്ച വ്യക്തികൾക്കായുള്ള സമഗ്ര പുനരധിവാസ കേന്ദ്രമാണ്. താമസം, തുടർചികിത്സ, തെറാപ്പി, വിദ്യാഭ്യാസം, തൊഴിൽപരിശീലനം എന്നിവ ഒരുമിച്ചു നൽകുന്ന രീതിയിൽ പദ്ധതി രൂപകൽപ്പന ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഈ പദ്ധതിക്ക് ആവശ്യമായ ഭൂമി മൈൻഡ് ട്രസ്റ്റ് സ്വന്തമാക്കിയത്. അതിനുശേഷം നിരവധി വെല്ലുവിളികളെ മറികടന്നാണ് പദ്ധതി ഈ ഘട്ടത്തിലെത്തിയത്.
‘ഒരിടം’ ഒരു കെട്ടിടമെന്നതിലുപരി, ആവശ്യക്കാരുടെ ജീവിതത്തിൽ സ്ഥിരതയും പിന്തുണയും നൽകുന്ന ഒരു സംവിധാനമാണ് മുന്നോട്ട് വയ്ക്കുന്നത്.പദ്ധതിയുടെ ഏകോപനത്തിന് പിന്നിൽ ‘ഒരിടം’ പ്രൊജക്റ്റിന്റെ കോഡിനേറ്റർമാരിൽ ഒരാളായ പ്രജിത്ത് പി യുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. മൈൻഡ് ട്രസ്റ്റ് അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാണ് ഈ മുന്നേറ്റത്തിന് കരുത്താകുന്നത്. ഈ പിന്തുണ ഭാവിയിലും തുടരുമെന്ന പ്രതീക്ഷയോടെ ഈ യാത്ര മുന്നോട്ട് പോകുന്നു.
