സ്വപ്നങ്ങൾക്ക് നിറം പകരുമ്പോൾ

“Know me for my abilities, not my disability.”
– Robert M. Hensel

ഓരോ മനുഷ്യരും കാണുന്നുണ്ടാവും പല വിധത്തിൽ പല നിറങ്ങളിലുള്ള സ്വപ്‌നങ്ങൾ. ഈ സ്വപ്നങ്ങളെയെല്ലാം ചേർത്തുവെച്ചൊരു ലോകം പണിയുമ്പോൾ അതെത്ര മനോഹരമായിരിക്കുമല്ലേ. അത്തരത്തിൽ ഓരോ സ്വപ്നത്തെയും എല്ലാവരുടെയും സ്വപ്നമായി സംയോജിപ്പിച്ച് അതിനെ യാഥാർഥ്യമാക്കാൻ ശ്രമിക്കുകയാണ് ‘ഡ്രീം ഓഫ് അസ്’ (Dream of us) എന്ന സംഘടന. ഒരു നോൺ ഗവണ്മെന്റൽ ഓർഗനൈസേഷനായ ഡ്രീം ഓഫ് അസ് ശാരീരിക വൈകല്യമുള്ള ഒരുപാട് പേരെ സ്വപ്നം കാണാനും അതിനെയെല്ലാം കയ്യെത്തിപ്പിടിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുമുള്ള ഒരു ലോകം സൃഷ്ടിക്കുന്നു. ലിംഗഭേദത്തിന്റെയോ ശാരീരിക അവസ്ഥകളുടെയോ വ്യത്യാസമില്ലാതെ തുല്യ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. സ്വന്തം കഴിവുകളുടെ പേരിൽ അറിയപ്പെടാനും അതിലൂടെ വരുമാനമുണ്ടാക്കാനുമുള്ള മികച്ച അവസരങ്ങളും ഒരുക്കുന്നുണ്ട് ഡ്രീം ഓഫ് അസ്. കേരളത്തിലെ ശാരീരിക പരിമിതിയുള്ളവർക്ക് ചിത്രകലയുടെ വിവിധ രൂപങ്ങൾ പ്രദർശിപ്പിക്കാനുള്ള കേരളത്തിലെ ഏറ്റവും വലിയ വേദിയൊരുക്കിയിരിക്കുകയാണ് ‘സ്വപ്നചിത്ര’ എന്ന പേരിൽ ഈ സംഘടന. ചിത്രങ്ങൾ കണ്ടെത്തി അത് ഫ്രെയിം ചെയ്ത് പൊതുവേദിയിൽ പ്രദർശനം നടത്തുകയും ചിത്രങ്ങളുടെ വില്പന നടത്തി ആ തുക ശാരീരിക വൈകല്യമുള്ളവരെ ഏൽപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ എക്സിബിഷനിലൂടെ ചെയ്തുവരുന്നത്. 2020 ൽ നൂറോളം കലാകാരന്മാരുടെ 150 ചിത്രങ്ങൾ സ്വപ്നചിത്രയിലൂടെ പ്രദർശിപ്പിച്ചിരുന്നു.

ഇതിനോടൊപ്പം തന്നെയുള്ള പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ‘പെർമനന്റ് ആർട് ഗ്യാലറി’ എന്ന ആശയം. ജൂൺ മാസം മുതൽ പൂവണിഞ്ഞ ആ ലക്ഷ്യത്തിന്റെ ആദ്യത്തെ അദ്ധ്യായം കേന്ദ്ര ഗവണ്മെന്റിന്റെ സി ആർ സി ( Composite Regional Centre) യുടെ കീഴിൽ കോഴിക്കോട് വെച്ച്‌ എക്സിബിഷൻ നടന്നു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുത്ത അഞ്ച് ആർട്ടിസ്റ്റുകളുടെ ചിത്രങ്ങൾ ആറു മാസം പ്രദർശിപ്പിച്ച് ചിത്രങ്ങളുടെ വില്പന നടത്തുകയും അതിനുശേഷം പുതിയ അഞ്ച് പേരുടെ ചിത്രങ്ങൾ പ്രദർപ്പിക്കുകയും ഈ പ്രക്രിയ തുടരുകയും ചെയ്യുക എന്നതാണ് പെർമനന്റ് ആർട് ഗ്യാലറിയുടെ സവിശേഷത. ഈ ആശയം വിവിധ സ്ഥലങ്ങളിൽ ഓരോ അദ്ധ്യായങ്ങളായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഡ്രീം ഓഫ് അസ്. ഇവിടെ ഓരോ ക്യാൻവാസിലും വർണ്ണങ്ങൾ പെയ്യുന്നത് പ്രതീക്ഷകളുടേതു കൂടിയാണ്. വൈകല്യത്തിന്റെ പേരിലല്ലാതെ സ്വന്തം കഴിവുകളുടെ പേരിൽ അറിയപ്പെടാൻ.. തുല്യ അവസരങ്ങൾ ലഭിക്കുന്നതുവഴി ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ..

എക്സിബിഷൻ കാണാനും ചിത്രങ്ങൾ വാങ്ങാനും താല്പര്യമുള്ളവർക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള സി ആർ സി സെന്റർ സന്ദർശിക്കാവുന്നതാണ്.

കൂടുതൽ അന്വേഷണങ്ങൾക്ക് ബന്ധപ്പെടാം:

dreamofus.org.in
contact :Ramya
(cordinator-സ്വപ്നചിത്ര)
Phone:+91 95621 85639
Dr.Gopiraj
(CRC Kozhikode )
Phone:+91 94958 61205

One Comment

Leave a Comment