സഹപാഠികളിൽ നിന്നുമൊരു സ്നേഹോപഹാരം

“വിദ്യാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താര്‍ജ്ജിക്കലാണ്.”
-മഹാത്മാ ഗാന്ധിജി

അതെ, മുകളിലെ മഹദ്‌വചനം പോലെ ഏറെ ആഗ്രഹിച്ചിട്ടും സ്കൂളിൽ പോയി പഠിക്കാൻ പറ്റാതെ പോയെങ്കിലും ഇപ്പോഴും പഠനം തുടർന്നുകൊണ്ട് താൻ നേരിടുന്ന പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് മൈൻഡ് അംഗം ഷിബിന. ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആലുവയിലെ 35ഓളം വരുന്ന പ്ലസ് ടു തുല്യതാ ബാച്ചിന്റെ സെന്റോഫ് ദിനമായിരുന്നു കഴിഞ്ഞ ഞായറാഴ്ച്ച. പരീക്ഷ എഴുതാൻ മാത്രം സ്കൂളിലേക്ക് പോയിരുന്നതു കൊണ്ട് അധ്യാപകരെയോ കൂടെയുള്ള സഹപാഠികളെയോ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല ഷിബിന. കുറച്ചു പേരുമായി വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയുണ്ടായ പരിചയം മാത്രം. അതുകൊണ്ടു തന്നെ സെന്റോഫ് പരിപാടിക്ക് പോകണമെന്നും എല്ലാവരെയും കാണണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് പരിപാടിക്ക് പോകാൻ തീരുമാനിക്കുന്നത്. പരീക്ഷ എഴുതാനായി മാത്രം വന്നിരുന്ന സ്കൂളിലേക്ക് പരീക്ഷയുടെ തിരക്കുകളും വെപ്രാളങ്ങളുമില്ലാതെ ഷിബിന വന്നിറങ്ങി. മൂന്നാം നിലയിലായിരുന്നു പരിപാടി നടന്നിരുന്നതെങ്കിലും വീൽചെയർ ആക്സിസിബിലിറ്റി ചോദ്യചിഹ്നമായപ്പോൾ ഷിബിന താഴെയുള്ള ഒരു ക്ലാസ് മുറിയിലിരുന്നു. അധ്യാപകരും സഹപാഠികളും താഴെ ഇറങ്ങി വന്ന് സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തപ്പോൾ ഇതുവരെ നേരിട്ടനുഭവിച്ചറിയാത്ത വിദ്യാലയത്തിന്റെ, സൗഹൃദത്തിന്റെയെല്ലാം ഭംഗി ആവോളം ആസ്വദിച്ചവള്‍. മൈൻഡിന്റെ പ്രോഗ്രാമിനു പങ്കെടുത്തതൊഴിച്ച് ഇത് ഷിബിനയുടെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു. പഴയ നാണം കുണുങ്ങിയിൽ നിന്നും സംസാരിക്കാൻ വിമുഖത കാണിച്ചവളിൽ നിന്നും അധ്യാപകരും സഹപാഠികളുമായി നാല്പത്തഞ്ചോളം പേരെ അഭിമുഖീകരിച്ചു പരിഭ്രമമൊട്ടുമില്ലാതെ സംസാരിക്കുമ്പോൾ മൈൻഡ് കൂട്ടായ്മയിൽ വന്നതിനു ശേഷമുള്ള തന്റെ മാറ്റങ്ങളെ അത്ഭുദത്തോടെ നോക്കിക്കാണുകയായിരുന്നു അവളപ്പോൾ. യാത്രാ ബുദ്ധിമുട്ടുകളെ കുറിച്ചു സംസാരിച്ചപ്പോൾ എം എൽ എ യ്ക്കു നിവേദനം സമർപ്പിക്കാം എന്ന പ്രതിവിധിയും ആ സദസ്സിൽ നിന്നുയർന്നു വന്നു എന്ന് സന്തോഷത്തോടെ ഷിബിന പറയുന്നുണ്ട്. തന്റെ സഹപാഠികളിൽ നിന്നും ഒരു ഉപഹാരവും ഏറ്റുവാങ്ങി ആദ്യത്തെ സ്കൂൾ ഗ്രൂപ് ഫോട്ടോയുമെടുത്താണ് ഷിബിന സ്കൂളിൽ നിന്നും പടിയിറങ്ങിയത്. പ്ലസ് വണ്ണിൽ ആ സ്കൂളിലെ മികച്ച മാർക്ക് നേടി അഭിമാനമായതു പോലെ കാത്തിരിക്കുന്ന പ്ലസ് ടു ഫലത്തിലും മികച്ച വിജയം നേടാൻ കഴിയട്ടെ. ഇനിയും പഠനം തുടരാനും ലക്ഷ്യങ്ങളിലേക്ക് എത്തിപ്പെടാനും സാധിക്കട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു..

3 Comments

  • Faseena. N. P
    at 2 years ago

    ഒരുപാട് സന്തോഷം തോന്നുന്നു..അവളോടൊന്നിച്ചു plu2 ചെയ്യാൻ പറ്റിയതിൽ..അവളെപ്പോലെ ഒരാളെ കൂട്ടുകാരി ആയി കിട്ടിയതിൽ.. 🥰🥰🥰

    Reply
  • Faseena. N. P
    at 2 years ago

    I feel very happy..to be able to do plus2 with her…to have her as a friend.. 🥰🥰

    Reply
  • Gangadharan Aril
    at 2 years ago

    അഭിനന്ദനങ്ങൾ

    Reply

Leave a Comment