വിജയത്തിളക്കത്തിൽ അസ്‌ന ഷെറിൻ

പ്രതികൂലമായ ജീവിതസാഹചര്യങ്ങളിലും സ്വപ്നങ്ങളെ കൂട്ടുപിടിച്ച് ഇച്ഛാശക്തിയോടെ മുന്നേറുന്ന, മൈൻഡിലെ ഒരു കുടുംബാംഗത്തെ നമുക്കിന്ന് പരിചയപ്പെടാം…

തൃശൂർ ജില്ലയിൽ കെ പി ഷിയാദിൻ്റെയും, അനീസയുടെയും മൂത്ത മകളായ അസ്‌ന ഷെറിൻ. ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് അസ്‌നക്ക് സ്‌പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ആണെന്ന് നിർണയിക്കപ്പെട്ടത്.

പാലിശ്ശേരി എസ്എൻഡിപി സ്കൂളിൽ പഠിച്ച അസ്ന 1200ൽ 1199 മാർക്കും നേടിയാണ് ഈ വർഷം പ്ലസ് ടൂ പാസ്സായത്. ശാരീകമായ പ്രയാസങ്ങൾ ഉണ്ടെങ്കിലും സ്ക്രൈബിൻ്റെ സഹായമില്ലാതെയാണ് പരീക്ഷകളെല്ലാം എഴുതിയതെന്നതിനാൽ അസ്‌നയുടെ വിജയത്തിന് തിളക്കമേറുന്നു.

അസ്ന ഇപ്പോൾ ബി എ ഹിസ്റ്ററി വിദ്യാർത്ഥിനിയാണ്. ചിത്രം വരക്കുവാനും എഴുതുവാനും വായിക്കുവാനും എല്ലാം അവൾക്കിഷ്ടമാണ്.

ഒരു ഐഎഎസ് ഓഫീസർ ആകണമെന്നും മറ്റുള്ളവർക്ക് നന്മ ചെയ്യണമെന്നും ശാരീരിക പ്രയാസങ്ങൾ നേരിടുന്നവർക്ക് തളരാതെ മുന്നോട്ട് പോകുവാനുള്ള പ്രചോദനമാകണമെന്നുമാണ് അസ്നയുടെ സ്വപ്നം. കഴിഞ്ഞ മെയ് മാസത്തിൽ തൃശൂർ മുൻ ജില്ലാ കളക്ടർ ശ്രീ. കൃഷ്ണ തേജ ഐഎഎസ് അസ്നയുടെ വീട്ടിൽ ചെന്നിരുന്നു. അദ്ദേഹത്തിൻ്റെ ഐഎഎസ് യാത്രയും വാക്കുകളും അവൾക്ക് പ്രചോദനമാണ്. അസ്ന വരച്ച അദ്ദേഹത്തിൻ്റെ ചിത്രം അന്ന് അദ്ദേഹത്തിന് നൽകിയത് അസ്നയുടെ ജീവിതത്തിലെ ഒരു സുവർണ നിമിഷമാണ്.

2020ലെ ഉജ്ജ്വല ബാല്യം അവാർഡ്, 2023ലെ ബെസ്റ്റ് ചൈൽഡ് വിത്ത് ഡിസബിലിറ്റി അവാർഡ് എന്നിവ അസ്നയ്ക്ക് ലഭിച്ചിട്ടുണ്ട്. 2024ലെ കേരള സ്കൂൾ കലോത്സവത്തിൽ കഥാരചനയിൽ എ ഗ്രേഡും ലഭിച്ചു. സ്വപ്നങ്ങളിലേക്കുള്ള അസ്നയുടെ യാത്രയിൽ പൂർണ പിന്തുണയോടെ അവളുടെ മാതാപിതാക്കളും അനിയത്തി അയിഷ ഫാത്തിമയും കൂടെയുണ്ട്.

Leave a Comment