വാക്കുകളുടെയും വർണങ്ങളുടെയും കൂട്ടുകാരി സേബ

62-ാമത് കേരള സ്കൂൾ കലോത്സവം മാഗസിനിൽ മൈൻഡ് അംഗമായ സേബ പി എ യുടെ കവിതകൾ പ്രസിദ്ധീകരിച്ചു .

കലോത്സവം കൊല്ലത്ത് വെച്ചാണ് (ജനുവരി 4 മുതൽ 8 വരെ)നടന്നത്. മാഗസിനിലേക്ക് ഡിസംബറിൽ കവിതകൾ അയച്ചു കൊടുക്കുകയും അവയിൽ നിന്ന് രണ്ട് ഇംഗ്ലീഷ് കവിതകൾ “The River ,The Traveller” മാഗസിനായി തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

എറണാകുളം ജില്ലയിൽ പാനായിക്കുളത്താണ് അബ്ദുൽ സലാമിന്റെയും സാബിറയുടെയും ഇളയ മകളായ സേബ താമസിക്കുന്നത്. സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന ജനിതക രോഗാവസ്ഥ ബാധിച്ചെങ്കിലും അതിലൊന്നും തളരാതെ വീൽചെയറിൻ്റെ സഹായത്തോടെ സ്കൂളിൽ പോയി പഠിക്കുകയും CBSE 12 ക്ലാസ്സിൽ 94% മാർക്കോടെ വിജയിക്കുകയും ചെയ്തു.

2017ൽ ഡിഗ്രിക്ക് ചേർന്നെങ്കിലും ന്യൂമോണിയ ബാധയെ തുടർന്ന് ട്രക്കിയോസ്റ്റമി ചെയ്യേണ്ടിവന്നു. ശരീരം നാല് ചുമരുകൾക്കുള്ളിൽ ആയിരിക്കുമ്പോഴും
മനസ്സിൽ വലിയ ആകാശം തീർത്ത് തൻ്റെ സ്വപ്നങ്ങളിലേക്ക് എഴുത്തുകളിലൂടെയും ചിത്രരചനയിലൂടെയും പറന്നുയരുകയാണ് സേബ.

2023ൽ “വിരൽപഴുതിലെ ആകാശങ്ങൾ” എന്ന സേബയുടെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. കേരള സിലബസിന്റെ ഒമ്പതാം ക്ലാസ് പരീക്ഷാ ചോദ്യപേപ്പറിൽ സേബ എഴുതിയ “തനിച്ചിരിക്കുമ്പോൾ” എന്ന കവിത പ്രത്യക്ഷപ്പെട്ടു. 2018ലെ പ്രളയകാലത്തെ തൻ്റെ അനുഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള സേബയുടെ രചന കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മഴ, മണ്ണ്, മനുഷ്യൻ’ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു. 2019ലും 2020ലും ഡ്രീം ഓഫ് അസ് നടത്തിയ ‘സ്വപ്‌നചിത്ര’ സംസ്ഥാനതല കലാപ്രദർശനങ്ങളിലും സേബ പങ്കെടുത്തു.
ഇവയെല്ലാം സേബയുടെ നേട്ടങ്ങളിലെ ചിലത് മാത്രം…

മൈൻഡ് ട്രസ്റ്റിന്റെ ഓൺലൈൻ ഡിജിറ്റൽ മാഗസിനായ ഇടത്തിൻ്റെ ബ്ലോഗർ കൂടിയാണ് സേബ.

തൻ്റെ കവിതകളും ചിത്രരചനകളും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും തൻ്റെ സുഹൃത്തുക്കളിലേക്ക് എത്തിക്കാനും സേബ മറക്കാറില്ല.

സേബയുടെ ജീവിതകഥകൾ നിരവധി പത്രങ്ങളിലും മാഗസിനുകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രോഗാവസ്ഥയിൽ തളരാതെ എഴുത്തിലും ചിത്രരചനയിലും തന്റേതായ സന്തോഷം കണ്ടെത്തിക്കൊണ്ട് മുന്നേറുന്ന സേബയുടെ ജീവിതം എല്ലാവർക്കും വലിയ പ്രചോദനമാണ് നൽകുന്നത്. സേബക്ക് മൈൻഡ് ട്രസ്റ്റിന്റെയും ഇടത്തിന്റെയും അഭിനന്ദനങ്ങൾ.

Leave a Comment