‘മിസ്സ് കേരള‘ താരമായി ശ്വേത ജയറാം

കൊച്ചിയിലെ സിയാൽ കൺവൻഷൻ സെൻ്ററിൽ, പ്രകാശം പ്രസരിക്കുന്ന വർണ്ണാഭമായ വേദിയിൽ, അതിമനോഹരമായ വസ്ത്രവിധാനത്തിൽ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ, ‘ശ്വേത ജയറാം’ വനിത മിസ്സ് കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണർ-അപ്പ് സ്ഥാനം ഏറ്റുവാങ്ങി. അഭിനേത്രിയായ ഐശ്വര്യ ലക്ഷ്മിയാണ് വിജയികളെ കിരീടങ്ങളണിയിച്ചത്. ദൃഢനിശ്ചയവും നിരന്തരമായ കഠിനാധ്വാനവും ഉണ്ടെങ്കിൽ എത്ര വലിയ അതിരുകളെയും ഭേദിച്ച് വിജയം കൈവരിക്കാം എന്ന് തെളിയിക്കുന്നതാണ് മൈൻഡിൻ്റെ ‘കൂട്ട്’ വോളൻ്റിയറായ ശ്വേതയുടെ ഈ നേട്ടം.

അമ്മയും അച്ഛനും ചേച്ചിയും അമ്മൂമ്മയുമടങ്ങുന്നതാണ് ശ്വേതയുടെ കുടുംബം. കൊച്ചിയിലാണ് താമസം. തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിൽ കെമിസ്ട്രിയിൽ ബിരുദപഠനത്തിന് ശേഷം, 2024ൽ ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഓർഗാനിക് കെമിസ്‌ട്രിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നിലവിൽ മോഡലിംഗും, വീഡിയോ പ്രസൻ്റിങും, സൗന്ദര്യ മത്സരാർത്ഥികളെ ഗ്രൂമിംഗ് ചെയ്യുന്നതുമൊക്കെയായി ജീവിതം മുന്നോട്ട് പോകുന്നു.

750തോളം മത്സരാർഥികളിൽ നിന്ന് രണ്ട് ഒഡീഷനുകളിലായി കടുത്ത മത്സരത്തിൽ ആദ്യ 20ൽ എത്താൻ സാധിച്ചത് തന്നെ ഒരു അനുഗ്രഹമായാണ് ശ്വേത കണക്കാക്കുന്നത്. പിന്നീട് ഒരാഴ്ച ഗ്രൂമിങ്ങിനായി ചെലവഴിച്ചു. മത്സരത്തിനായി നടത്തവും, സ്റ്റേജ് പ്രസൻസും, സ്റ്റൈലിംഗും എല്ലാം ഉൾപ്പെടെ ഏറെ കഠിനാധ്വാനം വേണ്ടിവന്നു. അങ്ങനെ ഏറ്റവും വലിയ നേട്ടമായ ആദ്യ മൂന്നിലേക്കും തിരഞ്ഞെടുക്കപ്പെട്ടു! മിസ്സ് ഇന്ത്യ തലത്തിലുള്ള ഗ്രൂമേഴ്സിൽ നിന്നുള്ള പരിശീലനം ലഭിച്ചതും ഈ മത്സരത്തിൻ്റെ ഭാഗമായി മത്സരാർത്ഥികൾക്ക് കിട്ടിയ ഭാഗ്യമാണെന്നും ശ്വേത പറയുന്നു.

സൗന്ദര്യ മത്സരാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ ചോദ്യോത്തര സെഷനുകളെ നേരിടാൻ മികച്ച പരിശീലനം നൽകുന്ന ‘സെറ്റ് ദ സ്റ്റേജ്‘ എന്ന ഉദ്യമവും ശ്വേത നയിക്കുന്നു. അതിൻ്റെ ഭാഗമായി പരിശീലനം ലഭിച്ച മത്സരാർത്ഥികളിൽ ഒരാളാണ് വനിത മിസ്സ് കേരള മത്സരത്തിൽ കിരീട ജേതാവായ അരുണിമ ജയൻ. അരുണിമയ്ക്കും തനിക്കും ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിച്ചത് വളരെയധികം സന്തോഷകരവും അഭിമാനകരവുമായ അനുഭവമാണെന്നും ശ്വേത പറയുന്നു.

2020ലാണ് ശ്വേത ‘കൂട്ടി’ൻ്റെ ഭാഗമാകുന്നത്. പിന്നീടൊരിക്കൽ, മൈൻഡ് ട്രസ്റ്റ് തൃശൂരിൽ വെച്ച് നടത്തിയ പരിപാടി ശ്വേത ഹോസ്റ്റ് ചെയ്തിരുന്നു. പലപ്പോഴായി ‘ഒരിട’ത്തിന് വേണ്ടിയുള്ള ഓൺലൈൻ ക്യാംപെയിനിങ്ങിലും ഭാഗമായിട്ടുണ്ട്. കഴിഞ്ഞ വർഷം, ‘പ്രേരണ’ പ്രോജക്ടിൻ്റെ ഭാഗമായി മൈൻഡിലെ കുട്ടികൾക്ക് ഹിന്ദി ക്ലാസ്സുകളും എടുത്തിരുന്നു.

മോഡലിംഗിന് പുറമെ, അധ്യാപനവും സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന അറിവുകൾ പങ്കുവയ്ക്കുന്നതും ശ്വേതയ്ക്ക് ഏറെ താല്പര്യമുള്ള കാര്യങ്ങളാണ്. മറ്റുള്ള വ്യക്തികൾക്ക് പ്രചോദനം പകർന്നു നൽകുക എന്നതാണ് ജീവിതത്തിൽ മുന്നേറുവാനുള്ള പ്രചോദനവും.

ഭാവിയിൽ മിസ്സ് യൂണിവേഴ്സ് ആകണം എന്നതാണ് ശ്വേതയുടെ സ്വപ്നം. അതിനുവേണ്ടിയുള്ള പരിശീലനം തുടരുന്നതിനോടൊപ്പം, കൂടുതൽ നല്ല പ്രൊജക്ടുകളുടെ ഭാഗമാകുകയും, ‘സെറ്റ് ദ സ്റ്റേജ്‘നെയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കുകയും വേണം.

ശ്വേതയുടെ ‘മിസ്സ് കേരള’ നേട്ടത്തിന് മൈൻഡ് കുടുംബത്തിൻ്റെ അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ വിജയങ്ങൾ കൈവരിക്കാനായി ആശംസകളും…

Leave a Comment