വിദ്യാർത്ഥികളാൽ നിറഞ്ഞ കൊച്ചിൻ കോളേജ് ക്യാമ്പസിൽ, വാനിലയുടെയും ചോക്ലേറ്റിൻ്റെയും പ്രതീക്ഷയുടെയും സുഗന്ധം പരത്തി ഒക്ടോബർ ഏഴിന് Cakoയുടെ ഒരു സ്റ്റാൾ ഉയർന്നു. മധുരത്തോടൊപ്പം കഴിവിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കൂട്ടായ്മയുടെയും പ്രതീകമായി അത് മാറി.

മസ്കുലർ ഡിസ്ട്രോഫി (എംഡി), സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) മുതലായ അസുഖങ്ങൾ ബാധിച്ചവർക്ക് പലർക്കും ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. ജോലിക്കായി യാത്ര ചെയ്യലും മിക്കപ്പോഴും അസാധ്യമാണ്. ഇത്തരം രോഗാവസ്ഥകൾ നേരിടുന്നവരുടെ മാതാപിതാക്കൾക്കും ഇതുതന്നെയാണ് അവസ്ഥ. വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടെങ്കിലും പല സാഹചര്യങ്ങളിലും വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികൾ കണ്ടെത്താൻ സാധിക്കാതെ പോകുന്നു. മൈൻഡ് കുടുംബാംഗങ്ങളായ എസ്എംഎ, എംഡി അസുഖബാധിതരും അവരുടെ മാതാപിതാക്കളും സ്വന്തമായി ഒരു വരുമാനമാർഗ്ഗത്തിനായി തുടങ്ങിയ സംരംഭമാണ് ‘Cako’. മൈൻഡ് ട്രസ്റ്റ് കൺവീനറായ എമി സെബാസ്റ്റ്യൻ ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. എറണാകുളം ജില്ലയിലാണ് എമിയുടെ വീട്. യൂട്യൂബ് വീഡിയോകൾ കണ്ടും സ്വയം കേക്കുകൾ ഉണ്ടാക്കി പരീക്ഷിച്ചു വിജയിച്ചുമാണ് ആറ് വർഷങ്ങൾക്ക് മുൻപ് എമി ആദ്യമായി കേക്ക് ഉണ്ടാക്കി തുടങ്ങിയത്. എമിയെ കൂടാതെ മൈൻഡ് കുടുംബത്തിലെ മൂന്ന് കുട്ടികളുടെ അമ്മമാരും നിലവിൽ എറണാകുളം ജില്ലയിൽ Cakoയുടെ ഭാഗമായി കേക്കുകൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്. എറണാകുളത്തും മറ്റു ജില്ലകളിലുമായി ഇതുവരെ ഏഴോളം അംഗങ്ങളാണ് Cakoയുടെ ഭാഗമായി പ്രവർത്തിച്ചുവന്നിട്ടുള്ളത്. എറണാകുളത്തെ അടിസ്ഥാനമാക്കി കൂടുതൽ ഓർഡറുകൾ എടുക്കാനാണ് നിലവിൽ അവർ ശ്രമിക്കുന്നത്. നിലവിലുള്ള ബേക്കർമാർ എല്ലാവരുംതന്നെ ആറോളം വർഷങ്ങളായി കേക്കുകൾ ഉണ്ടാക്കി പരിചയം ഉള്ളവരാണ്.
ഓർഡറുകൾ കിട്ടാനുള്ള പ്രയാസമാണ് Cako ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. അസുഖബാധിതർക്കും അവരെ ദിവസംമുഴുവൻ പരിചരിക്കുന്ന മാതാപിതാക്കൾക്കും വീടിന് പുറത്ത് യാത്ര ചെയ്യാനോ സമൂഹവുമായി ഇടപഴുകാനോ അത്തരത്തിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുവാനോ ഒന്നും സാധിക്കുന്നില്ല. ഡിജിറ്റൽ മാർക്കറ്റിങ്ങിൽ കാര്യമായ പ്രാവീണ്യം ഇല്ലാത്തതിനാലും ഓൺലൈൻ വഴിയും അധികം ഓർഡറുകൾ ലഭിക്കാതെ പോകുന്നുണ്ട്. ആ സാഹചര്യത്തിലാണ് Cako സംഘം കോളേജുകളുമായി ബന്ധപ്പെടാൻ തീരുമാനിക്കുന്നത്. അങ്ങനെ ആദ്യമായി ബന്ധപ്പെട്ടത് കൊച്ചിൻ കോളേജിനെയാണ്.
കൊച്ചിൻ കോളേജിലെ എൻഎസ്എസ് കോർഡിനേറ്ററായ ഹരിപ്രിയ മിസ്സാണ് ഏറെ സന്തോഷത്തോടെയും സ്നേഹത്തോടെയും തുടർന്നുവേണ്ട സഹായങ്ങളും പിന്തുണയും നൽകിയത്.
അങ്ങനെയാണ് കഴിഞ്ഞ ഏഴാം തീയതി Cakoയുടെ സ്റ്റാൾ തയ്യാറാക്കപ്പെട്ടത്. കോളേജിലെ എൻഎസ്എസ് സംഘം അത് വളരെ മനോഹരമായി അലങ്കരിച്ചു. കേക്കുകൾ വിൽക്കുവാൻ വേണ്ട സഹായങ്ങളും അവർതന്നെ ചെയ്തുതന്നു. 650ലധികം ചെറിയ ക്രീം കേക്കുകൾക്ക് മുൻകൂട്ടി അവർ ഓർഡറെടുത്തിരുന്നു. Cakoയുടെ ബേക്കർമാർക്ക് കേക്കുകൾ അവിടെ എത്തിക്കുക മാത്രമേ വേണ്ടിവന്നുള്ളൂ. Cakoയെയും മൈൻഡിനെയും പ്രതിനിധീകരിച്ച് എത്തിയവർക്ക് വേണ്ടി കലാപരിപാടികളും കോളേജ് സംഘടിപ്പിച്ചിരുന്നു.
ഇത്തരത്തിൽ ഇനിയും പല കോളേജുകളിലായി സ്റ്റാളുകൾ ഇടാനും, ഭാവിയിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്ക് ബേക്കിംഗ് പരിശീലനം നൽകി അവർക്കൊക്കെ സ്വന്തമായി വരുമാനമുണ്ടാക്കാനുമാണ് Cako ലക്ഷ്യം വെക്കുന്നത്.

Seba is an artist living in the Ernakulam district of Kerala. She is the author of the Malayalam book titled ‘Viralppazhuthile Aakaashangal’.