പുരസ്കാരനേട്ടവുമായി ജെറിനും അനീഷയും

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (AKWRF) സെപ്റ്റംബർ 8 ന് വള്ളിവട്ടം പാർലേക്ക് ഫാം ഹൗസിൽ വച്ച് നടത്തിയ ഓണാഘോഷപരിപാടിയിൽ മൈൻഡ് പ്രതിധി പ്രോജക്ട് കോഡിനേറ്ററായ ജെറിൻ ജോൺസനും മൈൻഡ് അംഗമായ അനീഷ അഷ്റഫിനും പുരസ്കാരങ്ങൾ ലഭിച്ചു.

ഭിന്നശേഷി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകരമായ ‘ഫൈറ്റർ ഓൺ വീൽസ്’ എന്ന പുരസ്കാരം പ്രശസ്ത സിനിമ നടൻ ശ്രീ. ദിലീപിൽ നിന്നും ജെറിൻ ഏറ്റുവാങ്ങി. തന്നെപ്പോലെ വീൽചെയറിൽ സഞ്ചരിക്കുന്ന വ്യക്തികൾക്ക് ഭിന്നശേഷി സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ പൊതുസ്ഥലങ്ങൾ ഉൾപ്പെടെ 21 ഇടങ്ങളിൽ റാമ്പുകൾ സൃഷ്ടിക്കാൻ ഇദ്ദേഹത്തിൻ്റെ കൃത്യമായ ഇടപെടലുകൾ മൂലം സാധിച്ചു. . പൊതു ഇടങ്ങൾ വീൽചെയർ സൗഹൃദമാക്കാനുള്ള പരിശ്രമങ്ങളുടെ ഫലമായി കേരളത്തിലെ സിനിമാ തിയേറ്ററുകൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള അനുകൂല ഉത്തരവ് നേടിയെടുക്കാനുമായി. ഭിന്നശേഷിയുള്ള വ്യക്തികൾക്കും പൊതുസ്ഥലങ്ങളിൽ തുല്യത വേണമെന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ജെറിൻ ജോൺസൺ എന്ന പോരാളി.

ഭിന്നശേഷി മേഖലയിലെ കലാപ്രവർത്തനങ്ങൾക്ക് നൽകുന്ന അംഗീകാരമായ ‘കലാപ്രതിഭ 2024’ അവാർഡാണ് അനീഷ അഷ്റഫിന് ലഭിച്ചത്. ആദ്യമൊക്കെ തന്റെ രോഗാവസ്ഥയെ വളരെ പ്രയാസത്തോടെയാണ് അനീഷ നോക്കിക്കണ്ടിരുന്നത്. പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. എഴുത്തിൻ്റെ തുടക്കം കവിതകളിലൂടെയായിരുന്നു. പിന്നീട് കഥകളും. അനീഷ ആദ്യമായി എഴുതിയ കഥയ്ക്ക് ഭിന്നശേഷി വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിക്കുകയും, പിന്നീടെഴുതിയ കഥയ്ക്ക് പൊതുജന വിഭാഗത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സമ്മാനം ലഭിക്കുകയുമുണ്ടായി. അങ്ങനെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് ഈ പ്രതിഭ. തന്റെ മുടങ്ങിപ്പോയ പഠനം മൈൻഡിന്റെ പ്രേരണ പ്രോജക്ടിന്റെ തുല്യതാ ബാച്ചിലൂടെ തുടരുകയും ചെയ്യുന്നു . ഏത് പ്രതികൂല അവസ്ഥയിലും തളരരുത് എന്ന് തൻ്റെ എഴുതുകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയാണ് അനീഷ അഷറഫ്.

അനീഷ അഷ്റഫിന്റെയും ജെറിൻ ജോൺസന്റെയും ഈ പുരസ്കാരനേട്ടങ്ങൾ മൈൻഡിലെ ഓരോ വ്യക്തിക്കും വലിയ പ്രചോദനമാണ്. ഇരുവർക്കും മൈൻഡ് ട്രസ്റ്റിന്റെ അഭിനന്ദനങ്ങൾ.

Leave a Comment