അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ….

“I Miss You” എന്ന വാക്കിനെ “അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി” എന്നെഴുതാൻ യശഃശരീരനായ ഒ.എൻ.വി യ്ക്ക് മാത്രമേ കഴിയൂ.
മലയാള കാവ്യ ലോകത്തിൻ്റെ തിലക കുറിയായിരുന്ന ഒ.എൻ.വി ഓർമ്മയായിട്ട് ഇന്ന് ഒൻപത് വർഷം തികയുകയാണ്.
ജീവിച്ചിരുന്ന എട്ടര പതിറ്റാണ്ട് മലയാള സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവന എത്ര വർണ്ണിച്ചാലും മതിയാകില്ല.
മലയാള കാവ്യ ശാഖയ്ക്ക് മാത്രമല്ല സിനിമ സംഗീതത്തിലും, നാടക ഗാന മേഖലയിലും വിലമതിക്കാനാകാത്ത സംഭാവന അദ്ദേഹം നൽകിയിട്ടുണ്ട്.
കെ.പി.എ.സി യുടെ നാടക ഗാനങ്ങളിലൂടെ ജി. ദേവരാജനും, ഒ. എൻ. വി യും ചേർന്ന് അൻപതുകളിൽ കേരളത്തിൽ ഉണ്ടാക്കിയ സാമൂഹിക പരിവർത്തനത്തിനെ ഫ്രഞ്ച് വിപ്ലവകാലത്തു ജനങ്ങളിൽ വോൾട്ടയറും, മോണ്ടസ്ക്യൂവും ചെലുത്തിയ സ്വാധീനവുമായി താരതമ്യം ചെയ്യാവുന്നതാണ്.
സാമൂഹിക രംഗത്ത്, സാംസ്കാരിക മണ്ഡലത്തില്, സാഹിത്യത്തില്, എന്തിനേറെ അധ്യാപനത്തിലുൾപ്പടെ താൻ എവിടെയൊക്കെ ഉണ്ടായിരുന്നോ അവിടെയൊക്കെ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
അതുകൊണ്ടാണ് രാജ്യം ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചതും.
മലയാള സാഹിത്യത്തിന് പുതുവഴികൾ കാട്ടി തന്ന, കവിതയെ സാധാരണക്കാരന് കൂടി അനുഭവ വേദ്യമാക്കിയ അമ്മ മലയാളത്തിൻ്റെ പ്രിയ പുത്രനെ ഓർത്തുകൊണ്ട് നമുക്ക് പുതു തലമുറയെ ഭാഷയുടെ നേർവരമ്പുകളിലേക്ക് കൂട്ടികൊണ്ട് പോകാം…

Leave a Comment