ജാബിറിന് സംസ്ഥാന ഭിന്നശേഷി പുരസ്കാരം

കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ 2024ലെ ഭിന്നശേഷി പുരസ്കാരങ്ങളിൽ, സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാരനുള്ള പുരസ്‌കാരത്തിനർഹനായിരിക്കുകയാണ് മൈൻഡ് ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗവും ‘നൈപുണ്യ’ പ്രൊജക്റ്റ്‌ കോർഡിനേറ്ററുമായ മുഹമ്മദ്‌ ജാബിർ. 25,000 രൂപയാണ് അവാർഡ് തുക. സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു നവംബർ 22ന് നടത്തിയ പത്രസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മൈൻഡ് അംഗങ്ങൾക്ക് അത് അഭിമാനത്തിൻ്റെ നിമിഷങ്ങളായിരുന്നു.

മലപ്പുറം തിരൂർ സ്വദേശികളായ അബ്‌ദുൽ ജലീലിന്റെയും റംലയുടെയും മകനായ ജാബിർ ബികോം ബിരുദധാരിയാണ്. കൊച്ചി ഇൻഫോപാർക്കിൽ ഫ്രാഗോമൻ ഇമിഗ്രേഷൻ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ സീനിയർ പ്രോസസ് അസിസ്റ്റൻ്റ് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം. വർക്ക് ഫ്രം ഹോം ആയാണ് ജോലി ചെയ്യുന്നത്. നല്ലൊരു ജോലി നേടി, കുടുംബത്തെ ഭംഗിയായി നോക്കണമെന്ന ജാബിറിൻ്റെ ഏറ്റവും വലിയ ആഗ്രഹം അങ്ങനെ ഇതിനോടകംതന്നെ സാക്ഷാത്കരിക്കപ്പെട്ടു.

മസ്കുലർ ഡിസ്ട്രോഫി (എംഡി) ബാധിതനായ ജാബിർ, ‘നൈപുണ്യ’ പ്രോജക്ടിൻ്റെ ഭാഗമായി, ഇതുവരെ 94 എസ്എംഎ, എംഡി രോഗബാധിതർക്ക് ജോലി അന്വേഷിച്ചു കണ്ടെത്തിനൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ, പേപ്പർ പേന-കരകൗശല നിർമ്മാണം, ഐടി, ഡിജിറ്റൽ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ് എന്നീ മേഖലകളിലെ പ്രഗൽഭരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനങ്ങളുടെയും സഹായ-സഹകരണങ്ങളോടെ രോഗബാധിതർക്ക് പരിശീലനക്ലാസ്സുകൾ സംഘടിപ്പിച്ചുനൽകുന്നുമുണ്ട്. മൈൻഡ് ട്രസ്റ്റിൻ്റെ ‘ഉണർവ്’ പ്രോജക്റ്റിൻ്റെ ഭാഗമായി വിവിധ കോളേജുകളിൽ വിദ്യാർത്ഥികൾക്കിടയിൽ എസ്എംഎ, എംഡി എന്നീ അസുഖങ്ങളെ കുറിച്ച് അവബോധം സൃഷ്‌ടിക്കാനും ജാബിറിന് ഇതുവരെ സാധിച്ചിട്ടുണ്ട്.

ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൻ്റെ നന്മയ്ക്കായി മൂല്യവത്തായ ഇടപെടലുകൾ നടത്താനാകും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ജാബിറിൻ്റെ സംഭാവനകൾ. ഇനിയും ഒരുപാടുപേരെ സഹായിക്കുവാനും, അവർക്ക് പ്രതീക്ഷകൾ നൽകുവാനും ഈ പുരസ്കാരനേട്ടം ജാബിറിന് പ്രചോദനമാകട്ടെ.

മുഹമ്മദ് ജാബിറിനും 2024ലെ ഭിന്നശേഷി പുരസ്കാരങ്ങൾക്ക് അർഹരായ മറ്റു പ്രതിഭാശാലികൾക്കും മൈൻഡ് കുടുംബത്തിൻ്റെയും, മൈൻഡിൻ്റെ കൾച്ചറൽ പ്രൊജക്ട് ആയ ‘ഇടം’ത്തിൻ്റെയും അഭിനന്ദനങ്ങൾ. ആശംസകൾ.

Leave a Comment