കാഴ്ചക്കാരിൽ നിന്നും പൂർണ്ണ പങ്കാളിത്തത്തിലേക്ക്

സ്കൂൾ കായികമേളകളിൽ നിലവിലെ രീതിയനുസരിച്ച് ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പങ്കെടുക്കാൻ പരിമിതികൾ ഉള്ളതിനാൽ കളിക്കളത്തിൽ നിന്നും മാറിനിന്ന് കാഴ്ചക്കാരായി മാത്രം ഒതുങ്ങിക്കൂടുന്ന പതിവായിരുന്നു നിലനിന്നിരുന്നത്. എന്നാൽ പുതിയ അധ്യയന വർഷം മുതൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെയും സ്പെഷ്യൽ സ്കൂളുകളിലെയും ശാരീരിക പരിമിതികളുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വിവിധ കായിക മികവുകൾ പ്രകടമാക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായി, ഇൻക്ലൂസിവ് സ്പോർട്സ് മാന്വൽ തയ്യാറായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻ കുട്ടി അറിയിച്ചു. കായികമേളകളിൽ ശാരീരിക പരിമിതിയുള്ള വ്യക്തി എന്ന നിലയിൽ മത്സരങ്ങളിൽ നിന്നും മാറ്റിനിർത്തുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ വേണ്ടി അവർക്കനുയോജ്യമാകുന്ന രീതിയിൽ മാറ്റം വരുത്തിയതാണ് പുതിയ മാന്വൽ. വേണ്ടത്ര പരിശീലനം ലഭിക്കാത്ത സാഹചര്യത്തിൽ നിന്ന് മത്സരിക്കുന്നതിൽ നിന്നും സ്കൂൾ തലം തൊട്ട് ഇത്തരം കുട്ടികളെ കായിക മത്സരങ്ങളിൽ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും കഴിവുള്ള കുട്ടികളെയെല്ലാം മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുമുള്ള സാഹചര്യമൊരുക്കും. ദേശീയ- അന്തർദേശീയ തലത്തിലെ കായിക മത്സരങ്ങളിലെ പ്രത്യേകതകളെല്ലാം പരിഗണിച്ചു പുതുക്കിയ മാന്വൽ ഭാവിയിൽ മികച്ച ഒരുപാട് കായികതാരങ്ങളെ വാർത്തെടുക്കാൻ സഹായിക്കുമെന്നത് തീർച്ചയാണ്. വളരെ നല്ലൊരു മുന്നേറ്റത്തിനു തുടക്കം കുറിക്കുന്ന ഇത്തരം മാറ്റങ്ങൾ ഇനിയുമുണ്ടാവട്ടെ. സ്വപ്നങ്ങൾ കീഴടക്കാനുള്ള അവസരങ്ങളും ഊർജ്ജവുമായി മാറട്ടെ ഓരോ മാറ്റങ്ങളും.

Leave a Comment