എംകോം പരീക്ഷയിൽ ആർഷയ്‌ക്ക് ഒന്നാം റാങ്ക്

കേരളാ യൂണിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ എംകോം പാസ്സായിരിക്കുകയാണ് മൈൻഡ് ട്രസ്റ്റിൻ്റെ അഭിമാനതാരമായ ആർഷ ബോസ് എ. കൊല്ലം ജില്ലയിലെ എസ്എൻ കോളജിലാണ് ആർഷ ബീകോമും എംകോമും പഠിച്ചു പാസ്സായത്. പിതാവായ ചന്ദ്രബോസിനും മാതാവായ അജന്തകുമാരിക്കുമൊപ്പം കൂനമ്പായിക്കുളത്താണ് താമസം.

മസ്കുലർ ഡിസ്ട്രോഫി രോഗബാധിതയായ ആർഷയ്ക്ക് പത്താം ക്ലാസിലും പ്ലസ്ടുവിലും ഫുൾ എ പ്ലസും ബീകോമിന് 85% മാർക്കും ലഭിച്ചിരുന്നു. ആർഷയുടെ പഠനമികവുകണ്ട് ബന്ധുക്കൾ ചേർന്ന് ആർഷയ്ക്ക് സ്ഥിരമായി ക്ലാസിൽപോയി പഠിക്കാനായി ഒരു വാൻ വാങ്ങിക്കൊടുത്തു. സ്കൂളിലും കോളേജിലുമൊക്കെ റെഗുലറായി പോയിതന്നെയാണ് പഠിക്കുന്നത്. യുജിസി നെറ്റ്, ജെആർഎഫ് യോഗ്യതയും ലഭിച്ചിട്ടുണ്ട്. 2024 ജനുവരി 25-ന് ചീഫ് മിനിസ്റ്റേഴ്‌സ് മെറിറ്റ് അവാർഡും ലഭിച്ചു.

ജീവിതം മൂന്നിൽ നിരത്തുന്ന പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കും ഇടയിൽ താങ്ങും പ്രോത്സാഹനവുമായി ആർഷയുടെ മാതാപിതാക്കൾ കൂടെയുണ്ട്. അതോടൊപ്പം കുടുംബാംഗങ്ങളും അധ്യാപകരും സുഹൃത്തുക്കളും.

പുസ്തകങ്ങളെയും സംഗീതത്തെയും സ്നേഹിക്കുന്ന ആർഷയ്ക്ക് ഒരു പ്രൊഫസർ ആകണമെന്നതാണ് ലക്ഷ്യം. മുന്നോട്ടുള്ള യാത്രയിൽ ഇനിയും കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ മൈൻഡിൻ്റെ ഈ കൂട്ടുകാരിക്ക് സാധിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു…

Leave a Comment