അഭിമാനമായി അനിഷയും ഹാദിയും

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ 2023 ലെ പുരസ്കാരങ്ങൾ നേടിയിരിക്കുകയാണ് മൈൻഡ് അംഗങ്ങളായ അനിഷ അഷറഫും അബ്ദുൽ ഹാദിയും. ഡിസംബർ 26 ന് കോഴിക്കോട് ജെൻഡർ പാർക്കിൽ വെച്ചു നടന്ന ഉണർവ് 2023-ന്റെ വേദിയിൽ വെച്ച് ഇരുവരും ബഹു. ടൂറിസം, പൊതുമരാമത്ത് വികസന വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്.

മികച്ച റോൾ മോഡൽ എന്ന വിഭാഗത്തിലാണ് തൃശൂർ സ്വദേശിനിയായ അനിഷ അഷറഫ് പുരസ്‌കാരത്തിന് അർഹയായത്. സാഹിത്യ മേഖലയിൽ തന്റേതായ ഇടം സൃഷ്‌ടിച്ച അനിഷ 2021 ലെ സാമൂഹ്യ നീതി വകുപ്പിന്റെ തൃശൂർ ജില്ലയിലെ കഥാരചന മത്സര വിജയിയായിരുന്നു. മറ്റു നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട് മൈൻഡ് ട്രസ്റ്റിന്റെ ഇടം പ്രോജെക്ട് കോർഡിനേറ്റർ കൂടിയായ അനിഷ. ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ഇടം മാഗസിന്റെ ചീഫ് എഡിറ്റർ എന്ന പദവിയിലിരുന്ന് പൂർത്തിയാക്കുന്ന ഓരോ പ്രവർത്തനങ്ങളും മികവുറ്റതാണ്. മാഗസിന്റെ 17 ലക്കങ്ങൾ ഈ പദവിയിലിരുന്ന് പൂർത്തീകരിക്കുകയും മൈൻഡ് ട്രസ്റ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അവാർഡ് നേട്ടത്തിന് ഈ പ്രവർത്തനങ്ങളാണ് പ്രധാന കാരണം എന്നത് ഇടം പ്രോജെക്ടിനും മൈൻഡിനും ഒരുപോലെ അഭിമാനമുണർത്തുന്നതാണ്. തന്റെ വിദ്യാഭ്യാസം തുടരാൻ പത്താം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന്‌ എഴുതാനുള്ള സാമൂഹ്യ നീതി വകുപ്പിന്റെ പ്രത്യേക അനുമതി നേടിയെടുത്ത ഈ മിടുക്കി ചിത്ര രചന, ക്രാഫ്റ്റ് വർക്ക് തുടങ്ങിയവയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുൽ ഹാദി ബെസ്റ്റ് ചൈൽഡ് ക്രിയേറ്റിവിറ്റി വിത്ത് ഡിസബിലിറ്റി വിഭാഗത്തിലാണു പുരസ്‌കാരം ഏറ്റു വാങ്ങിയത്. വനിത ശിശു വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ ഉജ്ജ്വല ബാല്യം പുരസ്കാരവും ഹാദി നേടിയിരുന്നു. കഥ, കവിത രചന, വായന മത്സരങ്ങൾ എന്നിവയിലെല്ലാം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഈ കൊച്ചു മിടുക്കൻ സാമൂഹ്യ നീതി വകുപ്പിന്റെ കഥാ രചന മത്സരത്തിലും ബി ആർ സി സംഘടിപ്പിച്ച രചനാ മത്സരങ്ങളിലും വിജയിയായിരുന്നു. മസ്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥ 80 ശതമാനം പിടിമുറുക്കിയിട്ടും ഊർജസ്വലമായ മനസ്സോടെ മുന്നേറുന്ന ഹാദി യൂട്യൂബ് വീഡിയോകളുമായി സജീവമാണ്.

പ്രതിസന്ധികളിലൊന്നും തളരാതെ സമൂഹത്തിൽ തങ്ങളുടേതായ സ്ഥാനമുറപ്പിച്ചു മുന്നേറുന്ന അനിഷയ്ക്കും ഹാദിയ്ക്കും അഭിനന്ദനങ്ങൾ.. മുന്നോട്ടുള്ള പാതയിൽ ഇനിയുമേറെ സന്തോഷങ്ങൾ തേടിയെത്തട്ടെ.. ആശംസകൾ..

Leave a Comment