വിജയത്തിളക്കത്തിൽ മൈൻഡ് അംഗങ്ങൾ

കേരള സാക്ഷരത മിഷന്റെ ഈ വർഷത്തെ പ്ലസ്ടു തുല്യത പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി മൈൻഡ് അംഗങ്ങൾ.മൈൻഡ് ട്രസ്റ്റ് അംഗങ്ങൾ ആയ ജയലക്ഷ്മി B.B, സാജിത P.H, റംല P.T, ജ്യോതിലക്ഷ്മി എന്നിവരാണ് ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതരായ ആളുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മൈൻഡ് ട്രസ്റ്റ് (Mobility in Dystrophy (MIND)Trust).

രോഗത്തെ കുറിച്ചുള്ള അവബോധം, വിദ്യാഭ്യാസം,തൊഴിൽ, പുനരധിവാസം, മരുന്നുകളുടെ ഗവേഷണം എന്നിവയാണ് മൈൻഡിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ 5 ലക്ഷ്യങ്ങൾ 18 പ്രോജക്ടുകളിലൂടെയാണ് മൈൻഡ് സാധ്യമാക്കുന്നത്.
അവയിൽ, രോഗവസ്ഥ മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നവർക്ക് അവരുടെ പഠനം പുനരാരംഭിക്കുവാനും നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പിന്തുണ കൊടുക്കുന്നതിനും വേണ്ടി, കഴിഞ്ഞ 3 വർഷം ആയി പ്രവർത്തിക്കുന്ന മൈൻഡിന്റെ പ്രോജക്ടാണ് പ്രേരണ.

ഇടക്കു വെച്ച് പഠനം മുടങ്ങി പോയവരെ , കേരള സാക്ഷരത മിഷന്റെ തുല്യത പരീക്ഷകൾക്ക് ഒരുക്കി കൊണ്ടാണ് പഠനം പുനരാരംഭിക്കാൻ സഹായിക്കുന്നത്. 20 വയസ്സിനും 50 വയസ്സിനും ഇടക്കു പ്രായമുള്ള 14 മൈൻഡ് അംഗങ്ങൾ, ഈ പരീക്ഷകൾ എഴുതി പത്താം ക്ലാസ്സ്‌, ഹയർ സെക്കണ്ടറി തലങ്ങളിൽ നല്ല വിജയം കരസ്ഥം ആക്കിയിട്ടുണ്ട്.

UP ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ ഉള്ള മൈൻഡിലെ കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ നൽകിവരുന്നു പ്രേരണ.

ജയലക്ഷ്മി B.B, എറണാകുളം പനമ്പുകാട് സ്വദേശിയാണ്.
അഞ്ചാം ക്ലാസ് വരെ വീട്ടിനടുത്തുള്ള സ്കൂളിൽ പോയിരുന്നു.പിന്നീട് സ്കൂളിൽ പോകാൻ സാധിച്ചില്ല പത്തുവരെ വീട്ടിലിരുന്നാണ് പഠിച്ചത്. തുടർന്ന് പഠിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ചിത്രരചന ആയിരുന്നു ലക്ഷ്മിയുടെ സന്തോഷം. 2002ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ലക്ഷ്മിക്ക് പ്രേരണയുടെ ക്ലാസുകളിലൂടെ തന്റെ മുടങ്ങിപ്പോയ പഠനം തുടരാനും പ്ലസ്ടു തുല്യത പരീക്ഷയിൽ മികച്ച വിജയം നേടാനും സാധിച്ചു.മൈഡിന്റെ പ്രേരണ പ്രോജക്ടും മൈൻഡ് ട്രസ്റ്റുമാണ് തന്റെ മുടങ്ങിപ്പോയ പഠനം തുടരാൻ സഹായിച്ചത് എന്ന് ലക്ഷ്മി പറയുന്നു. ഇനിയും തുടർന്ന് പഠിക്കണം എന്നാണ് ലക്ഷ്മിയുടെ ആഗ്രഹം.

സാജിത P.H ,എറണാകുളം പള്ളുരുത്തി എന്ന സ്ഥലത്താണ് സാജിതയുടെ വീട്.
മൈൻഡ് ട്രസ്റ്റിന്റെ ഉണർവ്വ്,സുശീലം പ്രോജക്ട്കളുടെ കോഡിനേറ്റർ കൂടിയാണ് സാജിത.
ചെറുപ്പത്തിൽ സാജിതയെ എടുത്തു കൊണ്ടാണ് ഉമ്മ സ്കൂളിൽ പോയിരുന്നത്. പിന്നീട് വീൽചെയറിന്റെ സഹായത്താൽ സ്കൂളിൽ പോയി പത്താം ക്ലാസ് കഴിഞ്ഞു പ്ലസ്ടുവിന് അഡ്മിഷൻ കിട്ടിയെങ്കിലും പോകുവാൻ സാധിച്ചിരുന്നില്ല അങ്ങനെ പഠനം നിർത്തേണ്ടി വന്നു. പിന്നെ വീടിനോട് ചേർന്ന് തന്നെ ഓൺലൈൻ സേവനങ്ങൾ നൽകുന്ന സെൻ്റർ തുടങ്ങി.

പിന്നീട് കൈകളുടെ ചലനം കുറഞ്ഞപ്പോൾ അതും തുടരാൻ പറ്റാതെയായി പിന്നീട് വീടിന് അകത്തുതന്നെ ഒതുങ്ങേണ്ടി വന്നു.
പിന്നീട് മൈൻഡിനെ കുറിച്ച് അറിയുകയും അംഗമാകുകയും മൈഡിന്റെ പ്രേരണ പ്രൊജക്റ്റിന്റെ പിന്തുണയോടെ സാജിത മുടങ്ങിയ പഠനം ആരംഭിക്കുകയും പ്ലസ് ടു തുല്യത പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. തുടർന്ന് LLB പഠിക്കാനാണ് സാജിതയുടെ ആഗ്രഹം. മൈൻഡ് ട്രസ്റ്റും പ്രേരണ പ്രൊജക്റ്റുമാണ് തന്റെ വിജയത്തിന് പിന്തുണ നൽകിയതെന്ന് സജിത പറയുന്നു.

ജ്യോതി ലക്ഷ്മി,
ആലപ്പുഴ കായംകുളം എന്ന സ്ഥലത്താണ് ജ്യോതിലക്ഷ്മിയുടെ വീട്
പഠിക്കാൻ കൊണ്ട് പോകാൻ അച്ഛനോ സഹോദരൻമാരോ ഇല്ലാത്തത് കൊണ്ട് പഠനം മുൻപോട്ട് കൊണ്ടുപോകുവാൻ കഴിഞ്ഞില്ല. അങ്ങനെ 2004 ൽ sslc ക്ക് ശേഷം പഠനം നിർത്തേണ്ടി വന്നു. പിന്നീട് ഇപ്പോൾ +2 തുല്യത പഠിക്കാനും എഴുതാനും കാരണമായത് റാമ്പ് വെച്ച ഈക്കോ വാൻ വാങ്ങിച്ചത് കൊണ്ടും അമ്മയുടെയും സഹോദരി ഭർത്താവിന്റെയും പരിപൂർണ സഹായമുള്ളതും കൊണ്ടുമാണ്. മൈൻഡിന്റെ പ്രേരണ പ്രൊജക്റ്റ് പഠനത്തിൽ തന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട് എന്ന് ജ്യോതിലക്ഷ്മി പറയുന്നു. ഇനി ഡിഗ്രിക്ക് ചേരണം എന്നാണ് ജ്യോതിലക്ഷ്മിയുടെ ആഗ്രഹം.

റംല P.T,
മലപ്പുറം കൊണ്ടോട്ടിയിൽ ആണ് റംലയുടെ വീട്.ഏഴാം ക്ലാസ് വരെ സ്കൂളിൽ പോയിരുന്നു .പിന്നീട് രോഗഅവസ്ഥ കാരണം നടന്നു സ്കൂളിൽ പോകാൻ സാധിക്കാത്തതിനാൽ ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് തുല്യത പരീക്ഷയെപ്പറ്റി മനസ്സിലാക്കുകയും തുല്യത എക്സാം എഴുതാൻ തുടങ്ങുകയും പത്താം ക്ലാസ് തുല്യതാ പരീക്ഷയും ,പ്ലസ് ടു തുല്യത പരീക്ഷയും പ്രേരണ പ്രോജക്ട് ക്ലാസുകളുടെ സഹായത്തോടെ വിജയകരമായി പൂർത്തീകരിച്ചു. പഠനത്തിൽ സഹായിച്ചതിന് റംല പ്രേരണയ്ക്ക് സ്നേഹം അറിയിക്കുന്നു.

രോഗാവസ്ഥയുടെ അസ്വസ്ഥതകൾ തങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ടെങ്കിലും നമ്മളുടെ ആഗ്രഹവും മനശക്തിയും കൊണ്ട് അതിനെ മറികടക്കാൻ സാധിക്കുമെന്നാണ് ഇവർ നമുക്ക് മനസ്സിലാക്കിത്തരുന്നത്.

ഇവരുടെ വിജയം മൈൻഡിലെ തുടർപഠനം ആഗ്രഹിക്കുന്ന മറ്റ് അംഗങ്ങൾക്കും പ്രചോദനം ആകട്ടെ…ഇനിയും ഇവരുടെ മുൻപോട്ടുള്ള യാത്രയിൽ അവർക്ക് തണലുമായി പ്രേരണ പ്രൊജക്റ്റും, മൈൻഡ് ട്രസ്റ്റും കൂടെ ഉണ്ടാകും.

വിജയികൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.

 

Leave a Comment