പരിമിതികൾക്കതീതം ‘ബിയോണ്ട് ബാരിയേഴ്സ്’

ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും, അവരുടെ ചുറ്റുപാടുകളോ, കഴിവുകളോ ഒന്നും അടിസ്ഥാനപ്പെടുത്തി വേർതിരിക്കാതെ, തുല്യ അവസരങ്ങളും പൂർണ്ണ പങ്കാളിത്തവും വിലമതിക്കുകയും ഉറപ്പാക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു ഇൻക്ലൂസീവ് സമൂഹം ആകുന്നത്.

മൈൻഡ് ട്രസ്റ്റിൻ്റെ വോളൻ്റിയർ വിങ്ങായ ‘കൂട്ട്’ നവംബർ 21ന് ‘ബിയോണ്ട് ബാരിയേഴ്സ്’ എന്ന പേരിൽ പുതിയൊരു ചുവടുവെപ്പിന് തുടക്കം കുറിച്ചു. കൂട്ട് വോളൻ്റിയർ അമീൻ, കൂട്ട് സെൻട്രൽ കോർഡിനേറ്റർ കാർത്തിക് എന്നിവർ പയ്യന്നൂർ കോളേജ്, തലശ്ശേരി ഗവൺമെൻ്റ് ബ്രണ്ണൻ കോളേജ്, പള്ളിക്കുന്ന് കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവൺമെൻ്റ് വിമൻസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഇൻക്ലൂസിവിറ്റിയെ പ്രോത്സാഹിപ്പിച്ച് ക്ലാസുകളെടുത്തു. മൈൻഡ് ട്രസ്റ്റിലെ അംഗങ്ങളും വിദ്യാർഥികളോട് സംസാരിക്കുകയും ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഭിന്നശേഷിക്കാർക്ക് ആക്സസിബിളായ ചുറ്റുപാടുകൾ വേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ കോളേജ് വിദ്യാർത്ഥികളെ സഹായിക്കുന്നതിനും, മാറ്റത്തിനായി പ്രവർത്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ട് ലക്ഷ്യമിടുന്നു.

ആദ്യപടിയായി, ഡിസബിലിറ്റി എന്താണെന്നും ഇൻക്ലൂസിവിറ്റി എന്താണെന്നും സമൂഹത്തെ എങ്ങനെ ഇൻക്ലൂസീവാക്കാമെന്നും വിദ്യാർഥികളോട് സംസാരിക്കുന്നതും അവർക്ക് വേണ്ട പരിശീലനം നൽകുന്നതുമാണ്. തുടർന്ന്, സമൂഹത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുവാനും പൊതുസ്ഥലങ്ങളിൽ റാമ്പുകൾ നിർമ്മിക്കുവാനും ചുറ്റുപാടുകൾ ഭിന്നശേഷിസൗഹൃദമാക്കുവാനും കൂട്ട് പ്രയത്നിക്കുന്നതാണ്. അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും ഭിന്നശേഷിസൗഹൃദമാക്കുവാനും, വിദ്യാർഥികളെ അവരുടെ ചുറ്റുപാടുകളിൽ ഉള്ള ഭിന്നശേഷിക്കാരായ വ്യക്തികളെ കണ്ടെത്തി അവരുമായി സഹായവും പിന്തുണയും സൗഹൃദവും പരസ്പരം പങ്കിടുവാൻ പ്രോത്സാഹിപ്പിക്കുവാനും ‘ബിയോണ്ട് ബാരിയേഴ്സ്’ ലക്ഷ്യമിടുന്നു. മൈൻഡ് കുടുംബാംഗങ്ങളെയും ഇത്തരം സെഷനുകളിൽ ഭാഗമാക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസവും കഴിവുകളും മെച്ചപ്പെടുത്താനും സഹായിക്കും.

ഒരു ചുവടുവെപ്പിനേക്കാളുപരി, ‘ബിയോണ്ട് ബാരിയേഴ്സ്’ ഭിന്നശേഷിക്കാരായവരെ സംബന്ധിച്ചുള്ള സമൂഹത്തിൻ്റെ തെറ്റായ ധാരണകളെ വെല്ലുവിളിക്കുകയും, സ്റ്റീരിയോടൈപ്പുകൾ പൊളിച്ചെഴുതുകയും, അടുത്ത തലമുറയിൽ സഹാനുഭൂതി വളർത്തുകയും ചെയ്യുന്നതാണ്. നിലവിലെ സാഹചര്യത്തിൽ പൂർണമായ ഒരു ഭിന്നശേഷിസൗഹൃദ സമൂഹം സൃഷ്ടിക്കുക ഞൊടിയിടയിൽ ചെയ്തെടുക്കാവുന്ന കാര്യമല്ല, എന്നാൽ തുടർച്ചയായ ശ്രമങ്ങളിലൂടെ, മാറ്റങ്ങൾ കൊണ്ടുവരുവാൻ തീർച്ചയായും സാധിക്കും. ‘ബിയോണ്ട് ബാരിയേഴ്സ്’ പുതിയ പ്രതീക്ഷകൾക്ക് തിരിതെളിയിക്കുന്നു…

Leave a Comment