കഥാ പുരുഷന് വിട

നിർമ്മാല്യം എന്ന സിനിമയിൽ ആരാധനാമൂർത്തിയുടെ വിഗ്രഹത്തിലേക്ക് തുപ്പുന്ന വെളിച്ചപ്പാടിനെ എം. ടി. കാണിച്ചു തരുമ്പോൾ അയാളുടെ മുഖത്ത് കാണുക, ഒരു മനുഷ്യൻ അയാളുടെ ജീവിതത്തിൽ മുഴുവൻ സഹിച്ച അവഗണകളും അതിലെ നിസ്സഹായതയുമാണ്.
ഇതേ കാഴ്ച രണ്ടാമൂഴത്തിലെ ഭീമനിലും നമുക്ക് കാണാം.

സ്വർഗ്ഗാരോഹണ സമയത്തു മാർഗ്ഗ മദ്ധ്യേ ഇടറി വീണ ദ്രൗപദിയെ മറികടന്ന് പോകുന്ന തൻ്റെ സഹോദരങ്ങൾക്കൊപ്പം നീങ്ങാതെ സ്വർഗത്തേക്കാൾ പ്രിയം തൻ്റെ പ്രേയസിയ്ക്കാണെന്ന് പറഞ്ഞു വീണു കിടന്ന ദ്രൗപതിയ്ക്കരികിലേക്കെത്തുമ്പോൾ അവളുടെ ചോദ്യം “അർജുനൻ ആണോ” എന്നതായിരുന്നു.
അതുകേട്ട് ഉലഞ്ഞുപോയ ഭീമസേനനെ എം. ടി വാക്കുകളുടെ അലങ്കാരങ്ങളില്ലാതെ കാണിച്ചു തരുന്നുണ്ട്.

കഥാപാത്ര സൃഷ്ടിയിൽ ലോക സാഹിത്യത്തിൽ തന്നെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒരാളാണ് ശ്രീ: എം. ടി വാസുദേവൻ നായർ.

എണ്ണിയാലൊടുങ്ങാത്തത്രയുമുണ്ട് അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങൾ.

ഇന്ന് മലയാളത്തിൻ്റെ പെരുന്തച്ഛൻ കണ്ണെത്താ ദൂരേക്ക് പോയപ്പോൾ നമുക്ക് കൂട്ടായി അങ്ങനെ കുറച്ചെപേരെ ഇവിടെ നിർത്തിയെന്നതാണ് എന്റെയും, നിങ്ങളുടെയും ഭാഗ്യം.

അതേ എം. ടി യ്ക്കൊപ്പം ജീവിച്ചു എന്നതാണ് നമ്മുടെ സുകൃതം.

One Comment

Leave a Comment