മൊബൈലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റ് നടത്തുന്ന ഓൺലൈൻ മാഗസിൻ ‘ഇടം’ ത്തിന്റെ മുൻ ചീഫ് എഡിറ്ററും തൃശ്ശൂർ സ്വദേശിനിയുമായ അനിഷ അഷ്റഫ് പത്താംതരം തുല്യത പരീക്ഷയിൽ മികച്ച വിജയം നേടി. മസ്‌കുലർ ഡിസ്ട്രോഫി ബാധിതയായ അനിഷയുടെ ശാരീരിക അവസ്ഥ പരിഗണിച്ച് അവളുടെ ആവശ്യപ്രകാരം കേരള സർക്കാർ വീട്ടിലിരുന്ന് പരീക്ഷ എഴുതാൻ പ്രത്യേക അനുമതി നൽകിയിരുന്നു. വീട്ടിലെ ഒരു മുറി പരീക്ഷാഹാളിന് സമാനമായി സജ്ജീകരിച്ചാണ് പരീക്ഷ നടത്തിയത്.
മൈൻഡ് ട്രസ്റ്റിന്റെ തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ‘പ്രേരണ’ പ്രോജക്റ്റിലെ വിദ്യാർത്ഥിനിയായിരുന്നു അനിഷ. വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള അനുമതിക്കു വേണ്ടി ഒന്നര വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് അവൾക്ക് പത്താംതരം തുല്യത പരീക്ഷ എഴുതാൻ സാധിച്ചത്. പ്രേരണ പ്രോജക്റ്റിലെ അധ്യാപകരായ ആശ, ട്രീസ, ഷാരോൺ, പ്രീജ, ഷേർലി, സൗമ്യ, ശ്വേത, ശ്രുതി എന്നിവർ പഠനകാര്യങ്ങളിൽ നൽകിയ പിന്തുണയും പ്രോത്സാഹനവും നിർണായകമായിരുന്നുവെന്ന് അനിഷ പറയുന്നു. അസുഖം പലപ്പോഴും പഠനത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും ദൃഢനിശ്ചയത്തോടെ അവൾ മുന്നോട്ട് പോകുകയായിരുന്നു.
ഏറെക്കാലം പ്രവാസി ആയിരുന്ന പിതാവ് അഷ്‌റഫിനൊപ്പം അനിഷയും കുടുംബവും വളരെക്കാലം ഷാർജയിൽ ആയിരുന്നു. മാതാവ് ഫാത്തിമ. അനിഷയ്ക്ക് മൂന്ന് സഹോദരങ്ങൾ കൂടി ഉണ്ട്. രണ്ടാമത്തെ സഹോദരൻ ഇതേ അസുഖം ബാധിച്ച് അകാലത്തിൽ വിട പറഞ്ഞിരുന്നു.
മൈൻഡിൽ എത്തുന്നതിനു മുൻപേ അനിഷ ഫാൻസി ആഭരണ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ശ്രീജ ടീച്ചർ അവളെ സമീപിച്ചതും പഠനം പുനഃരാരംഭിക്കാൻ പ്രചോദനം നൽകിയതും. ശ്രീജ ടീച്ചറുടെ നിർദേശപ്രകാരം ഏഴാംതരം തുല്യതയ്ക്ക് തയ്യാറെടുപ്പ് ആരംഭിച്ച അനിഷ, ആ പരീക്ഷയും പ്രത്യേക അനുമതി നേടിയെടുത്ത് വീട്ടിലിരുന്ന് തന്നെയാണ് എഴുതിയത്. അന്നും പ്രേരണ പ്രോജക്റ്റിലെ മീര, ആശ, ശ്രീജ ടീച്ചർമാർ നൽകിയ പിന്തുണയോടെ ഉയർന്ന മാർക്കോടെയാണ് അവൾ വിജയം നേടിയത്.

വായനയോടുള്ള അടുപ്പം ചെറുപ്പത്തിലേ ഉണ്ടായിരുന്ന അനിഷ, പിന്നീട് എഴുത്തിന്റെ ലോകത്തേക്കും കടന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിനോട് വലിയ ഇഷ്ടമാണ്. അപ്പൂന്റെ സിനിമാക്കമ്പം, പോടെർക്കാ, മ്മാ എന്നിവ അനിഷയുടെ പ്രധാന കൃതികളാണ്. ഇതിനകം തന്നെ അനേകം പുരസ്കാരങ്ങളും അവൾക്ക് ലഭിച്ചിട്ടുണ്ട്.
അനിഷയ്ക്ക് എട്ട് വയസ്സുള്ളപ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയത്. തുടർന്ന് പഠനം മുടങ്ങിയെങ്കിലും, അവളുടെ മനോബലം ആ തടസ്സങ്ങളെ അതിജീവിച്ച് വീണ്ടും പഠനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.