പുരസ്‌ക്കാരത്തിളക്കത്തിൽ ഷിബിന അബ്ദു

മൈൻഡിന്റെ പ്രിയപ്പെട്ട എക്സിക്യൂട്ടീവ് അംഗവും മൈൻഡിന്റെ തന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന WE (Women Empowerment) യുടെ മുഖ്യ കോർഡിനേറ്ററിൽ ഒരാളുമായ ഷിബിന അബ്ദുവിന് അവാർഡിന്റെ പൊൻതിളക്കം.
News18 കേരളം ചാനലിന്റെ സ്ത്രീരത്നം അവാർഡാണ് എറണാകുളം സ്വദേശിനിയായ ഷിബിനയെ തേടിയെത്തിയത്. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, മൈൻഡിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ജോലി, കലാപരമായ കഴിവുകൾ ഇവയെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈയൊരു അവാർഡിന് ഷിബിനയെ അർഹയാക്കിയത്. 2023 ജൂലൈ 27 വൈകിട്ട് 6:30 ന് കൊച്ചി ക്രൗൺ പ്ലാസയിൽ വച്ചു നടന്ന പരിപാടിയിൽ സിനിമാ താരം നവ്യാ നായർ, കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് തുടങ്ങിയവരടക്കം സിനിമാ രാഷ്ട്രീയ മേഖലയിൽ ഉള്ള പ്രമുഖർ പങ്കെടുത്തു.

ജന്മനാ സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി ബാധിതയായ ഷിബിന, സ്കൂളിൽ പോയി പഠിക്കാനുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീട്ടിലിരുന്ന് പഠിച്ചാണ് സാക്ഷരത മിഷന്റെ തുല്യതാ പരീക്ഷയിലൂടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടു പോയത്, ഈ വർഷത്തെ പ്ലസ്ടു തുല്യതാ പരീക്ഷ 90 ശതമാനം മാർക്കോടെയാണ് ഈ മിടുക്കി വിജയം കരസ്ഥമാക്കിയത്. തന്റെ തുടർ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടു പോവുക എന്ന ആഗ്രഹത്തിനൊപ്പം ജിയോ കമ്പനിയിൽ ടെലി കോളർ ആയും ജോലി ചെയ്തു കൊണ്ടിരിക്കുന്നു.

മൈൻഡ് ട്രസ്റ്റാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്ന് ഷിബിന പറയുന്നു. 2020 ൽ വെറുമൊരു മെമ്പറായി ട്രസ്റ്റിലേക്ക് കടന്നുവന്ന അവർ ഇന്ന് എക്‌സിക്യൂട്ടീവിലേക്കും പ്രധാനപ്പെട്ട പ്രോജക്ടിന്റെ തലപ്പത്തേക്കും എത്തിയത് അതിനുള്ള തെളിവാണ്.

തന്റെ ഓരോ നേട്ടങ്ങളും കുടുംബത്തിനും മൈൻഡിനും സമർപ്പിക്കുന്ന ഷിബിനയുടെ ഏറ്റവും വലിയ സ്വപ്നം കേരളത്തെ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച വീൽചെയർ സൗഹൃദ സംസ്ഥാനം ആക്കി മാറ്റണം എന്നതാണ്.

ശാരീരിക പരിമിതികൾ അല്ല, നേടിയെടുക്കാനുള്ള സ്വപ്നങ്ങളാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന ഷിബിനയുടെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ ഇനിയും വിജയങ്ങൾ തേടി വരുമെന്ന് ഉറപ്പാണ്..
മൈൻഡിന്റെ പ്രിയപ്പെട്ട ഷിബുവിന് എല്ലാവിധ ആശംസകളും…

Leave a Comment