കൂട്ടിനൊപ്പം കൂട്ടു കൂടി..

കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡ് ട്രസ്റ്റിന്റെ (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) വോളന്റിയർ വിങ്ങായ കൂട്ടിന്റെ ആദ്യ സംസ്ഥാനതല സംഗമം ജൂൺ 11 ന് ഇരിങ്ങാലക്കുടയിൽ ”കൂട്ടിനൊപ്പം’ എന്ന പേരിൽ സംഘടിപ്പിച്ചു. കൈപ്പമംഗലം എം എൽ എ ശ്രീ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തിരക്കഥാകൃത്ത് ശ്രീ സഞ്ജയ്, റേഡിയോ അവതാരകനും നടനുമായ ശ്രീ. കിടിലം ഫിറോസ്, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ലത സഹദേവൻ എന്നിവരും സാന്നിധ്യമറിയിച്ചു. മൈൻഡ് ട്രസ്റ്റിന്റെ പ്രതിനിധികളായി ചെയർമാൻ ശ്രീ. സക്കീർ ഹുസൈൻ, വൈസ് ചെയർമാൻ ശ്രീ. കൃഷ്ണകുമാർ പി എസ്‌, കൺവീനർ ശ്രീമതി. എമി സെബാസ്റ്റ്യൻ, ട്രഷറർ ശ്രീ. പ്രജിത്ത് പൂങ്കാവനം എന്നിവരും കൂട്ടിനെ പ്രതിനിധീകരിച്ച് കൂട്ട് കൺവീനർ തെരേസ, പ്രസിഡണ്ട് അൽ അമീൻ, ട്രഷറർ ജിജാസ് ഹുസൈൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു.

മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി തുടങ്ങിയ അസുഖം ബാധിച്ചവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മൈൻഡ് കൂട്ടായ്മയിൽ ‘കൂട്ട്’ വോളന്റിയർ വിങ്ങ് രൂപീകരിക്കുന്നതും പ്രവർത്തനമാരംഭിക്കുന്നതും 2020 ലാണ്. വോളന്റിയർമാരായി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യുവജനങ്ങൾ വളരെ കാര്യക്ഷമമായി മൈൻഡിനും മൈൻഡിലെ അംഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമ്പോൾ തളിരിടുന്നത് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. മൈൻഡിന്റെ ‘ഒരിടം’ എന്ന സമ്പൂർണ്ണ പുനരധിവാസ കേന്ദ്രമെന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാനായുള്ള പ്രവർത്തനങ്ങളിലും മൈൻഡ് അംഗങ്ങളുടെ സംഗമങ്ങളിലും വിവിധ യാത്രകളിലും തുടങ്ങി എല്ലായിടങ്ങളിലും കൂട്ടുണ്ട്. കൂട്ടിലെ സ്നേഹങ്ങളുണ്ട്. സമൂഹത്തിനു മാതൃകയാവുന്ന കൂട്ടിലെ ഓരോ കൂട്ടുകാർക്കും സ്നേഹാഭിനന്ദനങ്ങൾ..

Leave a Comment