പൂവേ പൊലി പൂവേ
പൊലി പൂവേ പൂവേ..
പൂവേ പൊലി പൂവേ പൂവേ..
കേരളത്തിന്റെ മഹോത്സവമായ ഓണം ഇതാ വന്നെത്തിക്കഴിഞ്ഞു. സന്തോഷങ്ങളുടെയും ആഘോഷത്തിന്റെയും പൂക്കാലങ്ങളാകുന്ന ദിനങ്ങൾ. ചിങ്ങ മാസത്തിൽ ആഘോഷിക്കപ്പെടുന്ന ഓണനാളുകൾ വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. അത്തം നാൾ മുതൽ മുറ്റത്ത് പൂക്കളങ്ങളൊരുക്കിക്കൊണ്ടാണ് ആഘോഷത്തിനു കൊടിയേറുന്നത്.
കേരളം ഭരിച്ചിരുന്ന നീതിമാനായ മഹാബലി എന്ന രാജാവ് തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. അതിനാൽ തന്നെ അത്തത്തിൽ തുടങ്ങി തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുകയും ചതയം വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു ഓണാഘോഷങ്ങൾ. വർണാഭമായ പൂക്കളങ്ങളൊരുക്കിയും ഓണത്തപ്പനെ അലങ്കരിച്ചും വിവിധ വിഭവങ്ങളാൽ സമൃദ്ധമായ ഓണസദ്യ കഴിച്ചും ഓണക്കളികൾ രസിച്ചും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു.
“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും..”
മനുഷ്യരെല്ലാവരും തുല്യമായി പരിഗണിക്കപ്പെടുന്ന നാളുകൾ സംജാതമാകട്ടെ.. നന്മയുടെ വെണ്മ പരക്കട്ടെ..
എല്ലാ മലയാളികൾക്കും മൈൻഡ് ട്രസ്റ്റ് ഇടം പ്രോജെക്ട് ടീമിന്റെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണാശംസകൾ..