തൃശൂർ പൂരം കാണാൻ ഭിന്നശേഷിക്കാർക്കായി സർക്കാർ ഒരുക്കിയ സൗകര്യത്തിൽ അഥിതികളായി പങ്കെടുത്ത 13 പേരിൽ ഒരാളാവാൻ അവസരം ലഭിച്ചതിലും പൂരം കണ്ട് മനസ്സറിഞ്ഞ് ആസ്വദിക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് മൈൻഡ് അംഗം സിയ ശ്രുതി. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള സിയ പൂരവുമായി ബന്ധപ്പെട്ട് ഒരുക്കിയ ആൽബത്തിൽ ഗായകൻ ജയചന്ദ്രനൊപ്പം പാടിയിട്ടുണ്ട്. പൂരക്കാലങ്ങളിൽ പാടി സാമൂഹ്യ മാധ്യമങ്ങളിലിടുന്ന പാട്ടുകളിൽ മനസ്സു നിറയെ പൂരം നേരിട്ടു കാണാനുള്ള ആഗ്രഹവുമുണ്ടായിരുന്നു. ഈ വർഷം ആ ആഗ്രഹം പൂവണിയുകയും യാതൊരു വിധ ബുദ്ധിമുട്ടുകളുമില്ലാതെ പോലീസ് കണ്ട്രോൾ റൂമിലിരുന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും കുടമാറ്റം കണ്ട്, പൂരച്ചന്തം മനസ്സിൽ നിറക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലുമാണ് സിയ. ഭിന്നശേഷിക്കാരെ കൂടി ഉൾപ്പെടുത്തി പൂരം ആഘോഷമാക്കാൻ പ്രയത്നിച്ച ഓരോരുത്തരോടും, ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും പൂരം കാണാൻ കൊണ്ടുപോയ അമ്മയോടും സിയ മനസ്സറിഞ്ഞ് നന്ദി പറയുന്നു.