മൈൻഡ് അംഗമായ ജെറിന്റെ കുഞ്ഞു നാൾ മുതലുള്ള ആഗ്രഹമായിരുന്നു മലയാളികളുടെ സ്വന്തം നടനവിസ്മയം ലാലേട്ടനെ കാണണം എന്നുള്ളത്. പഠിക്കുന്ന സമയത്ത് ഒരിക്കൽ അതിനൊരു ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത് ചെല്ലാനോ സംസാരിക്കാനോ ഉള്ള അവസരം കിട്ടിയിരുന്നില്ല, പിന്നീട് മസ്ക്കുലർ ഡിസ്ട്രോഫി എന്ന അസുഖത്തിന്റെ പിടിയിൽ വീടിനകത്ത് ഒതുങ്ങിയെങ്കിലും ജെറിൻ തന്റെ ആഗ്രഹം ഒരു നെരിപ്പോട് പോലെ മനസ്സിൽ കൊണ്ട് നടന്നു. ഒടുവിൽ തന്റെ ശ്രമങ്ങളുടെ ഭാഗമായി 2023 ഏപ്രിൽ 13 ന് കളമശ്ശേരിയിൽ ഉള്ള സ്റ്റുഡിയോയിൽ വെച്ച് മാതാപിതാക്കളോടും സുഹൃത്തുക്കളോടുമൊപ്പം എത്തിയ ജെറിൻ തന്റെ ആഗ്രഹം സാധിച്ചെടുത്തു. ഷൂട്ടിംഗിന്റെ തിരക്കിനിടയിലും ജെറിനും കൂട്ടരും ഭക്ഷണം കഴിച്ചോ എന്ന് ഉറപ്പു വരുത്തി ഉച്ചയ്ക്ക് 2:30 ഓടെ തന്റെ ആരാധകന്റെ അരികിലേക്ക് അദ്ദേഹമെത്തി. സ്നേഹാന്വേഷണങ്ങൾക്കിടയിൽ അസുഖത്തെ കുറിച്ച് ചോദിച്ചറിഞ്ഞും ഫോട്ടോസ് എടുത്തും യാത്ര അയക്കാൻ നേരം അദ്ദേഹം ഒരു മഗ്ഗ് ഗിഫ്റ്റും കൊടുത്തു, അതിൽ ഇങ്ങനെ എഴുതിയിരുന്നു, Jerin.. with love.. Mohanlal
എഴുതിയത് മഗ്ഗിലാണെങ്കിലും അതു പതിഞ്ഞത് ജെറിന്റെ മനസ്സിലായിരുന്നു..
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും തിരക്കിനിടയിലും യാതൊരു മുഷിപ്പുമില്ലാതെ തന്റെ ആരാധകന്റെ മനസ്സ് നിറയിപ്പിച്ച അദ്ദേഹത്തെ അക്ഷരം തെറ്റാതെ നമുക്ക് വിളിക്കാം, ലാലേട്ടൻ..
ഒരായിരം ജന്മദിനാശംസകൾ ലാലേട്ടാ…