നദികളുടെ നാട്ടിലൊരു സംഗമം

മൈൻഡ് ട്രസ്റ്റിൻ്റെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന്, പരസ്പരം ജീവിതാനുഭവങ്ങളും വിശേഷങ്ങളും തമാശകളും പങ്കുവെച്ച് സന്തോഷത്തോടെ ഒരു ദിനം ചെലവഴിക്കാനായി “ഒമിക” എന്ന പേരിൽ നവംബർ 9ന് ആലപ്പുഴ ജില്ലയിലെ എസ്ഡി കോളേജ് അങ്കണത്തിൽവച്ച് ജില്ലാതലസംഗമം സംഘടിപ്പിച്ചു. ആലപ്പുഴ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ശ്രീമതി. ആശ സി. എബ്രഹാം ആണ് ഉദ്ഘാടനം നിർവഹിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പിജി റസിഡൻ്റ് ആയ ഡോ. ജാവേദിൻ്റെ മഹനീയ സാന്നിധ്യവും പരിപാടിയിൽ ഉണ്ടായിരുന്നു.

ആലപ്പുഴ ജില്ലയിലെ മൈൻഡിൻ്റെ ആദ്യത്തെ സ്‌നേഹസംഗമം ആയിരുന്നു ഇത്. വളരെക്കാലമായി ഫോണിലൂടെ പരസ്പരം സൗഹൃദം പങ്കുവെച്ചവർക്ക് നേരിൽ കാണുവാനുള്ള ആനന്ദകരമായ ഒരവസരമായിമാറി ഈ ഒത്തുകൂടൽ.

ഇരുപതോളം മൈൻഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഒത്തുകൂടലിൽ എസ്ഡി കോളേജിലെ എൻഎസ്എസ് പ്രവർത്തകരും മൈൻഡിൻ്റെ വോളൻ്റിയർവിങ്ങായ ‘കൂട്ട് ‘ ലെ കൂട്ടുകാരുമെല്ലാം ചേർത്ത് നൂറോളംപേർ ഉണ്ടായിരുന്നു. മൈൻഡ് കുടുംബത്തിന് കൂട്ട് വോളണ്ടിയർമാരോടുള്ള സ്നേഹസൂചകമായി, എഡിഎം അവർക്ക് മൊമെൻ്റോ നൽകി ആദരിച്ചു. ജില്ലയിലെ പൊതുസ്ഥലങ്ങളെല്ലാം ഭിന്നശേഷിസൗഹൃദമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഡിഎം ന് മൈൻഡ് ട്രസ്റ്റ് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.

ജീവിതം മുന്നോട്ടുവയ്ക്കുന്ന പ്രതിസന്ധികളിൽ പതറാതെ പറന്നുയരാനുള്ള മോഹത്തിൻ്റെ പ്രതീകമായി എല്ലാവരും ചേർന്ന് ഒരു ഹൈഡ്രജൻ ബലൂൺ വാനിൽ പറത്തിയതും പാർട്ടി പോപ്പർ പൊട്ടിച്ച് ഈ സംഗമത്തിന് ഒരാഘോഷത്തിൻ്റെ നിറവുനൽകിയതുമെല്ലാം മൈൻഡ് അംഗങ്ങൾക്ക് വളരെയധികം സന്തോഷം നൽകി. അങ്ങനെ, പാട്ടും വിശേഷങ്ങളുമെല്ലാമായി സന്തോഷത്തോടെ ഒരു ദിനം കടന്നുപോയി.

Leave a Comment