ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനമാണ്. ഒരു വ്യക്തിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ശക്തിയെ സമതുലിതമായി നിലനിർത്താൻ ഉള്ള പരിശീലനമാണ് യോഗ. “വസുധൈവ കുടുംബകത്തിനായി യോഗ” എന്നതാണ് ഈ വർഷത്തെ യോഗാ ദിന പ്രമേയം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ എട്ടു വിഭാഗങ്ങളാണ് യോഗയ്‌ക്കുള്ളത്. ഹഠയോഗം എന്നറിയപ്പെടുന്ന ആദ്യത്തെ നാലു വിഭാഗങ്ങൾ ശരീരവും മനസ്സും മെച്ചപ്പെടുത്തുന്നതിനും രാജയോഗമെന്ന് വിശേഷിപ്പിക്കുന്ന അവസാന നാലു വിഭാഗങ്ങൾ ആത്മീയ ഉന്നതി നേടിയെടുക്കാനും പ്രാപ്തമാക്കുന്നു.
യോഗയുടെ പ്രയോജനങ്ങൾ:
• സന്ധികളുടെയും പേശികളുടെയും ചലനശേഷി മെച്ചപ്പെടുത്തി ശരീരത്തെ കൂടുതൽ വഴക്കമുള്ളതാക്കുന്നു.
• ഊർജസ്വലത വർധിപ്പിക്കുന്നതിലൂടെ ശാരീരിക ചലനം എളുപ്പമാക്കുന്നു.
• മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ കുറയ്ക്കുന്നു.
• പ്രമേഹം, ഉറക്കമില്ലായ്മ പോലെയുള്ള ജീവിത ശൈലി രോഗങ്ങൾ നിയന്തിക്കാൻ കഴിയുന്നു.
• ഏകാഗ്രത വർദ്ധിപ്പിക്കുന്നു.
• പ്രതിരോധ ശേഷിയും മൊത്തത്തിലുള്ള മാനസിക-ശാരീരിക ആരോഗ്യവും വർധിപ്പിക്കുന്നു.
യോഗയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡ് ട്രസ്റ്റിന്റെ ആരോഗ്യ പരിപാലനവുമായി ബന്ധപെട്ട പ്രോജക്ടിന്റെ (സുശീലം) കീഴിൽ 40 ദിവസം നീണ്ടു നിൽക്കുന്ന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. പ്രോജെക്ട് കോർഡിനേറ്ററും മൈൻഡ് ട്രസ്‌റ്റ് വൈസ് ചെയർമാനുമായ കൃഷ്ണകുമാർ പി എസ് നേതൃത്വം നൽകി മൈൻഡ് അംഗങ്ങളായ എമി, ആശ, ഷീന
എന്നിവരായിരുന്നു യോഗ പരിശീലിപ്പിച്ചത്. ഇതേ തുടർന്ന് സ്ഥിരമായി യോഗ ചെയ്യാൻ തുടങ്ങിയ മൈൻഡ് കൂട്ടായ്മയിലെ അംഗങ്ങളുടെ ശ്വസനവും ശാരീരിക ചലനവും മെച്ചപ്പെടുത്താൻ കഴിഞ്ഞു.
യോഗാഭ്യാസം നിങ്ങളുടെ ശരീരത്തിനും മനസ്സിനും ആരോഗ്യവും ക്ഷേമവും പകരട്ടെ.. യോഗാദിനാശംസകൾ..